യമുനാ നദീതീരത്ത് വന്‍തോതില്‍ ഹരിതജൈവനാശമുണ്ടാക്കി ആഗോള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ വേദി നിര്‍മ്മിച്ച ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടിയോളം രൂപ പിഴയിടാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ തീരുമാനം. മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കുന്ന സാംസ്‌കോരികോത്സവത്തില്‍ 35 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സമിതിയാണ് യമുനാ നദീതീരത്തെ തയ്യാറെടുപ്പുകള്‍ 120 കോടിയോളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. വേദി തയ്യാറാക്കിയപ്പോള്‍ വന്‍തോതില്‍ ഹരിത ജൈവ സമ്പത്തിന് നാശം വന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മാര്‍ച്ച് തീരുന്നതിനുമുമ്പ് നദീതീരം പഴയപടിയിലാക്കണമെന്നും ട്രിബ്യൂണല്‍ നിശയിച്ചിട്ടുണ്ട്.
40 അടി ഉയരത്തിലുള്ള വേദി, എടുത്തുമാറ്റാവുന്ന ക്യാബിനുകള്‍, സന്ദര്‍ശകരെ സ്വീകരിക്കാനുള്ള കുടിലുകള്‍, താല്‍ക്കാലിക പാര്‍ക്കിങ് സംവിധാനങ്ങള്‍ എന്നിങ്ങനെ 1000 ഏക്കറുകളാണ് ഉപയോഗിച്ചത്. വന്‍തോതിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യമുനയുടെ പരിസ്ഥിതി തകര്‍ക്കുന്നതായി കാണിച്ച് മനോജ് മിശ്ര എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.
ചെറിയ ചോലകള്‍ പോലും മൂടിയെന്നും തീരത്തെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും പരാതിയില്‍ മനോജ് മിശ്ര പറഞ്ഞു. ഒട്ടേറെ ജെസിബികളും റോഡ് റോളറുകളും ഉപയോഗിച്ച് ദിവസങ്ങളായി ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഏഴ് ഏക്കറിലേറെ സ്ഥലത്താണ് മുഖ്യ വേദി തന്നെ നിര്‍മ്മിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ 155 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളാണ് സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുന്നത്. 35,000 സംഗീതജ്ഞന്മാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സാംസ്‌കാരികോത്സവത്തിലെ മാലിന്യങ്ങളൊന്നും യമുനയില്‍ കലരാത്ത രീതിയില്‍ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാണ് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയതെന്ന് സംഘാടകര്‍ പറയുന്നു.
നേരത്തെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. 650ഓളം കെമിക്കല്‍ ടോയ്‌ലറ്റുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. നദീതീരത്തുനിന്ന് സുരക്ഷിത അകലം പാലിച്ചാണ് വേദി തയ്യാറാക്കിയിരിക്കുന്നതെന്നും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നു.