കൊച്ചി:കേരളത്തിലെ ബിജെപിയിൽ പൊട്ടിത്തെറി .ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയെ പാലയിലെ വീട്ടില്‍ സന്ദര്‍ശിച്ചത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമാകുന്നു. കെ.എം മാണി ഒരുക്കിയ നാടകത്തില്‍ കൃഷ്ണദാസും പങ്കാളിയായി എന്ന് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വി.മുരളീധരന്‍ പക്ഷം ആരോപിച്ചു. കൃഷ്ണദാസിന്റെ സന്ദര്‍ശനത്തോടെ മാണിക്ക് എല്‍.ഡി.എഫിനോട് വിലപേശാനുള്ള അവസരമാണ് ലഭിച്ചതെന്നാണ് യോഗത്തില്‍ അവര്‍ വിമര്‍ശനമുന്നയിച്ചത്.കഴിഞ്ഞ തവണ ലഭിച്ച 42,000 വോട്ടില്‍ നിന്ന് എത്ര കുറഞ്ഞാലും സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.
ബി.ജെ.പിയിലേക്ക് മാണിയെ ക്ഷണിക്കാനാണെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമോ ആയിരുന്നു പോകേണ്ടിയിരുന്നതെന്ന് വി. മുരളീധരന്‍ പറഞ്ഞു. രഹസ്യമായി നടത്തേണ്ട ചര്‍ച്ച പരസ്യമായി മാധ്യമങ്ങളെ അറിയിച്ച് നടത്തിയത് ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.മാണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോട്ടയത്തുള്ള ബി.ജെ.പി ജില്ലാ നേതാവാണ് കൃഷ്ണദാസിനെ മാണിയുടെ വീട്ടിലെത്തിച്ചതെന്നും ആരോപണമുണ്ട്. മാണിക്കെതിരായി കോഴിക്കോട് വി. മുരളീധരന്‍ നടത്തിയ അഭിപ്രായപ്രകടനവും കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായി. മുരളീധരനെതിരെ എം.ടി രമേശ് ആഞ്ഞടിച്ചു.
ബി.ഡി.ജെ.എസ് ബന്ധം ഉലഞ്ഞതിന് പിന്നാലെ മാണിയെ ചൊല്ലിയുണ്ടായ കലഹം ചെങ്ങന്നൂരിലെ ബി.ജെ.പിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ചെങ്ങന്നൂരിലെ പ്രചരണത്തിന്റെ ചുക്കാന്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാക്കള്‍ ഏറ്റെടുത്തതോടെ ബി.ജെ.പി നേതാക്കള്‍ പ്രചരണത്തില്‍ നിന്നും ഉള്‍വലിഞ്ഞിരിക്കുകയാണ്.
ഇത് ആദ്യഘട്ട പ്രചരണത്തില്‍ ബി.ജെ.പിയെ ചിത്രത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ മുസ്‌ലിം വോട്ടുകള്‍ ഏകീകരിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് മറുഭാഗം പറയുന്നത്. കഴിഞ്ഞ തവണ ലഭിച്ച 42,000 വോട്ടില്‍ നിന്ന് എത്ര കുറഞ്ഞാലും സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.
ബി.ഡി.ജെ.എസ് ഇല്ലാതെ മത്സരിച്ചാല്‍ 25,000 വോട്ടില്‍ കൂടില്ലെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ദേശീയ നേതൃത്വം നടപടിയെടുക്കണം എന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശനും തുഷാറും.കോഴിക്കോട് കേന്ദ്രീകരിച്ച് ചില സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകരും ബി.ജെ.പിയിലെ ഒരു വിഭാഗവുമാണ് വ്യാജവാര്‍ത്തയ്ക്കു പിന്നിലെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു. വി. മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത് തടയാന്‍ തുഷാറിന്റെ പേര് ഉയര്‍ത്തി കാണിക്കുകയായിരുന്നെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം.
ബി.ജെ.പി നേതാക്കള്‍ തന്നെ അപമാനിക്കാനാണ് ശ്രമിച്ചതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. മറ്റു ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നും ബി.ഡി.ജെ.എസിന് ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാത്തതിനു കാരണം ബി.ജെ.പി നേതാക്കള്‍ പാര വെച്ചതിനാലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണി വിടുമെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന എന്‍.ഡി.എ മുന്നണി യോഗത്തില്‍ നിന്ന് ബി.ഡി.ജെ.എസ് വിട്ടു നിന്നിരുന്നു. ഇതിനു പിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പിയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
അതേസമയം ബി.ഡി.ജെ.എസിനു നല്‍കിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാലിക്കുമെന്നാണ് ബി.ജെ.പി ഉറപ്പു നല്‍കിയത്. ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തകപ്രകാശനത്തിന് എത്തിയ നേതാക്കള്‍ക്കാണ് കഴിഞ്ഞദിവസം ഉറപ്പു ലഭിച്ചത്.ബി.ഡി.ജെ.എസ് ഇടഞ്ഞു നില്‍ക്കുന്നത് ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വലിയ തലവേദനയാണ്. വാഗ്ദാനം നല്‍കിയ സ്ഥാനങ്ങള്‍ നല്‍കാതെ കബളിപ്പിച്ചുവെന്ന പരാതി ബി.ഡി.ജെ.എസ് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുഷാറിന് രാജ്യസഭ സീറ്റ് ലഭിക്കുമെന്ന പ്രചരണവും ഉണ്ടായത്. എന്നാല്‍ പിന്നീട് വി. മുരളീധരന് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിക്കുകയായിരുന്നു.തുഷാറിന് രാജ്യസഭാ സീറ്റു നല്‍കാന്‍ തീരുമാനിച്ചുവെന്ന പ്രചരണത്തിനു കാരണം കേരള ബി.ജെ.പിയിലെ ഗ്രൂപ്പു പ്രശ്നങ്ങളാണെന്ന് കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ബി.ഡി.ജെ.എസിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ട്.