കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി കസേര ലക്‌ഷ്യം വെച്ചുള്ള തമ്മിലടി രൂക്ഷമാകുന്നു .മുഖ്യമന്ത്രി മോഹം വെച്ച് വിഡി സതീശൻ നടത്തുന്ന നീക്കങ്ങൾക്ക് തടയിടാൻ ചെന്നിത്തല കളത്തിലിറങ്ങി അതിശക്തമായ നീക്കം തുടങ്ങി .സമുദ്യതാ നേതാക്കളെ കൂടെ കൂട്ടി താൻ പൊതുസ്വീകാര്യൻ കണ്ണു തെളിയിക്കുമായാണ് .വി ഡി സതീശൻ അഹങ്കാരിയായ നേതാവ് എന്നും ചെന്നിത്തല യോഗ്യനായ നേതാവ് എന്ന് എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ സത്യത്തിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ് .വെള്ളാപ്പള്ളിയുടെ പിന്തുണ നേടി സതീശനെ വെട്ടാൻ ചെന്നിത്തല അരയും തലയും മുറുക്കിയിരിക്കുകയാണ് .ഇതോടെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തമ്മിലടി തുടങ്ങി. വെള്ളാപ്പള്ളി നടേശനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൽ കനലായി നീറിപ്പുകയുമെന്ന് തന്നെയാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
വി ഡി സതീശൻ അഹങ്കാരിയായ നേതാവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അതിരൂക്ഷ പ്രതികരണം. സതീശന് പക്വതയും മാന്യതയുമില്ല. സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർട്ടിയിൽ ഗ്രൂപ്പുകൾ കൂടിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കോൺഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാം. എന്നാൽ മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ല. സ്വയം പ്രമാണിയാകാൻ ശ്രമിക്കുമ്പോൾ പ്രാണിയായി മാറുകയാണ്. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും സതീശൻ തള്ളി. ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തൽ നടപടിക്ക് സതീശൻ തയ്യാറായത്. അഹങ്കാരത്തിന്റെ ആൾ രൂപമായി മുന്നോട്ടുപോയാൽ സതീശന്റെ രാഷ്ട്രീയ ജീവിതം സർവനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
വി ഡി സതീശനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചപ്പോഴും രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചത്. രമേശ് ചെന്നിത്തല പക്വതയും ഇരുത്തവും വന്ന നേതാവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവ് രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നേതാവാണ് രമേശ് ചെന്നിത്തല എന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണങ്ങളോട് കരുതലോടെയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണം. താൻ വിമർശനത്തിന് അതീതനല്ലെന്നും എല്ലാ സമുദായ നേതാക്കൾക്കും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കും. സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിമർശനം കേട്ടാൽ അസ്വസ്ഥരാകരുതെന്നും സതീശൻ പ്രതികരിച്ചു.
ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് ഉണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. താൻ ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി തനിക്ക് ഒരു സ്ഥാനവുമില്ല. രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനവും വേണമെന്നില്ല. നാളെയും ഇതുപോലെ തന്നെ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങൾ ചെല്ലുമ്പോൾ പറയുന്ന അവരുടെ അഭിപ്രായമെന്നായിരുന്നു വെള്ളപ്പള്ളി നടേശൻ പറഞ്ഞതിനോട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇത് അവരുടെ അജണ്ടയാണെന്ന് തോന്നുന്നില്ലെന്നും സിപിഐഎമ്മിന്റെ നരേറ്റീവ് ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസുകാർ ഈ കെണിയിൽ വീഴില്ല. സാമുദായിക സംഘടനകളെ കോൺഗ്രസ് എപ്പോഴും ചേർത്തുനിർത്തുന്നു. അഭിപ്രായമെന്ന നിലയിൽ ആർക്കും എന്തും പറയാമെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
വെള്ളപ്പള്ളി നടേശൻ്റെ പ്രതികരണത്തിൽ തൊട്ടുതലോടിയുള്ള നിലപാടായിരുന്നു കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ സ്വീകരിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് വേണമെങ്കിൽ സംസ്ഥാനത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാമെന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്നും ഇന്നലെ വന്ന രാഷ്ട്രീയ നേതാവല്ലെന്നും സുധാകരൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെതിരായ വെള്ളപ്പള്ളിയുടെ വിമർശനത്തോടും കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചു. വെള്ളാപ്പള്ളി അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വെള്ളാപ്പള്ളിയെ തങ്ങൾ വിചാരിച്ചാൽ നല്ല നടപ്പ് നടത്താൻ കഴിയുമോ എന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. അധികാര വടംവലിക്ക് വേണ്ടി എല്ലാം കളഞ്ഞ് കുളിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും സുധാകരൻ അഭിപ്രായപ്പെട്ടു. അഭിപ്രായം ആർക്കും പറയാമെന്നും സാമുദായിക നേതാക്കൾക്കും പറയാമെന്നും പ്രതികരിച്ച കെപിസിസി പ്രസിഡൻ്റ് സാമുദായിക നേതാക്കൾക്ക് ആരെപ്പറ്റിയും അഭിപ്രായം പറയാമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി ആരാണെന്നതിൽ സമുദായ സംഘടനകളുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം. സമുദായ സംഘടനകളുടെ വേദിയിൽ ചെന്നിത്തലയും സതീശനും എത്തുന്നത് പോസിറ്റീവായി കാണുന്നുവെന്ന് വ്യക്തമാക്കിയ കെ മുരളീധരൻ സമുദായ സംഘടനകൾ കോൺഗ്രസിലേക്ക് അടുക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഇതൊന്നും മുഖ്യമന്ത്രി തർക്കമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിൽ വി ഡി സതീശൻ അനുകൂലികൾ, വി ഡി സതീശൻ വിരുദ്ധർ എന്ന ചേരികൾ ഉണ്ടാക്കിയിരുന്നു. പാർട്ടിയിൽ വി ഡി സതീശൻ്റെ സ്വാധീനം കൂടുന്നു എന്ന തിരിച്ചറിവിൽ മുതിർന്ന നേതാക്കളിൽ പലരും വി ഡി സതീശന് എതിരാണ്. എന്നാൽ യുവനേതാക്കളെ ചേർത്ത് പിടിച്ച് മുന്നോട്ടു പോകുന്ന സമീപനമാണ് വി ഡി സതീശൻ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിലേയ്ക്ക് എൻഎസ്എസും എസ്എൻഡിപിയും ഇപ്പോൾ കണ്ണിചേർന്നിരിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ആര് മുഖ്യമന്ത്രിയാകണം എന്നതിൽ മുൻതൂക്കം നേടാനുള്ള നീക്കങ്ങളാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ ഒരു പശ്ചാത്തലത്തിൽ എൻഎസ്എസും എസ്എൻഡിപിയും രമേശ് ചെന്നിത്തലയെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിലെ ശാക്തിക ബലാബലങ്ങളെയും സ്വാധീനിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.