രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. ഇതില്‍ സി.ജി.എസ്.ടി ഇനത്തില്‍ 58,556 കോടിയും ഐ .ജി. എസ്.ടി ഷെയര്‍ 26,378 കോടിയും ഉള്‍പ്പെടും. സെപ്റ്റംബറില്‍ 95,131 കോടി രൂപ വരുമാനം നേടിയ സ്ഥാനത്താണിത്. 12.4 ശതമാനം ഇടിവാണ് ഒക്ടോബറിലെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. അന്തര്‍ സംസ്ഥാന ചരക്ക് നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വരുമാനമാണിത്. ആദ്യ മൂന്ന് മാസങ്ങളിലും 90,000 കോടിക്ക് മുകളിലാണ് വരുമാനം ലഭിച്ചത്. ഐജിഎസ്ടി അടയ്ക്കുന്നതിനുള്ള ഇളവ് ആദ്യ മൂന്ന് മാസം കൊണ്ട് തീരുന്നതിനാല്‍ വരും മാസങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 95.9 ലക്ഷം നികുതിദായകര്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തെന്നും ഇതില്‍ 15.1 ലക്ഷം പേര്‍ ഓരോ മൂന്ന് മാസത്തിലും നികുതി ഫയല്‍ ചെയ്യേണ്ട സമ്മിശ്ര വ്യാപാരികളാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് പറയുന്നു. പല ഉത്പന്നങ്ങളുടേയും ജി.എസ്.ടി നിരക്കുകളില്‍ കുറവ് വരുത്തിയതിനാല്‍ നവംബറിലെ ജി.എസ്.ടി വരുമാനത്തിലും കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ 87,238 കോടി ജി.എസ്.ടി പിരിച്ചെടുത്തപ്പോള്‍ ഐ.ജി.എസ്.ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ 31,821 കോടിയും ഒക്ടോബറില്‍ 13,882 കോടിയും ലഭിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ടി നടപ്പിലാക്കിയതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനായി ലഭിക്കുന്ന സാമ്പത്തിക സഹായത്തില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 10,806 കോടിയും സെപ്തംബര്‍, ഒക്ടോബറില്‍ 13,695 കോടിയും വിതരണം ചെയ്തതായും ധനമന്ത്രാലയം പറയുന്നു.
ജി.എസ്.ടി വരുമാനത്തില്‍ ഇടിവ്; കേന്ദ്രത്തിന് തിരിച്ചടി
Tags: gst impact