അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി അസദ്ദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം. 182 അംഗ നിയമസഭയിൽ 40 മുതൽ 45 സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്.
കഴിഞ്ഞ വർഷം തദ്ദേശ തിരഞ്ഞെടുപ്പിൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനിൽ ഉൾപ്പെടെ നേടിയ വൻ വിജയത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ പാർട്ടി ആരംഭിച്ചിരുന്നു.കോൺഗ്രസിന് കടുത്ത വെല്ലുവിളിയാണ് ഈ നീക്കം.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് എ ഐ എം ഐ എം ലക്ഷ്യം വെയ്ക്കുന്നത്. ഇതിൽ തന്നെ അഞ്ച് സീറ്റുകൾ അഹമ്മദാബാദ് ജില്ലയിൽ നിന്നുള്ളതാണ്. ഇവിടെ 21 മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ നിന്ന് സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. സംസ്ഥാന അധ്യക്ഷനായ സബിർ കബലിവാല ജമൽപൂർ ഖാദിയ സീറ്റിൽ നിന്ന് മത്സരിക്കും. എസ് സി സംവരണ സീറ്റായ കൗഷിക പർമറും ബാപൂനഗറിൽ നിന്ന് ഷഹനവാസ് ഖാനുമാണ് മത്സരിക്കുക. കോൺഗ്രസ് സീറ്റുകളാണ് ഇവ മൂന്നും.
ഇത് കൂടാതെ സൂറത്തിലെ ബനസ്കന്തയിലെ വാഡ്ഗം സീറ്റും എ ഐ എം ഐ എം ലക്ഷ്യം വെയ്ക്കുന്നുണ്ട്. കോൺഗ്രസിൽ ചേർന്ന സ്വതന്ത്ര എം എൽ എയായിരുന്നു ജിഗ്നേഷ് മേവാനിയുടെ മണ്ഡലമാണ്. സൂറത്ത് നേർത്തിലും സൗരാഷ്ട്ര മേഖലയിലും പാർട്ടിയുടെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം എഐഎംഐഎമ്മിന്റെ നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിനെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ പാർട്ടി നേതൃത്വം എഐഎംഐഎമ്മിനെതിരായ കടന്നാക്രമം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തി ഗുജറാത്തിലും ബി ജെ പിയുടെ ബി ടീം ആവുകയാണ് എ ഐ എം ഐ എമ്മെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാൽ കോൺഗ്രസ് ആരോപണങ്ങൾക്കെതിരെ സബീർ കബ്ലിവാല രംഗത്തെത്തി. തങ്ങളല്ല ആം ആദ്മി പാർട്ടിയാണ് പ്രതിപക്ഷ വോട്ടുകൾ വിഭജിക്കുന്നതെന്നായിരുന്നു കബ്ളിവാലെയുടെ വിമർശനം. അവർക്ക് സംസ്ഥാനത്ത് വ്യക്തമായ സംഘടന ബലമില്ല. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രാപ്തിയുള്ള ഒരു നേതാവിനെ പോലും ആം ആദ്മി സ്ഥാനാർത്ഥിയാക്കിയിട്ടില്ലെന്നും കബ്ലിലിവാല പറഞ്ഞു. എഐഎംഐഎം മറ്റാരുമായും സഖ്യം ഉണ്ടാക്കില്ലെന്നും കബ്ലിലിവാല വ്യക്തമാക്കി.
ഭരണഘടന സംരക്ഷിക്കാനും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വ്യക്തമായ ശബ്ദമാകാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മുസ്ലീങ്ങളുടെയും ദളിതരുടേയും പ്രശ്നങ്ങൾ ഞങ്ങൾ ഉന്നയിക്കും. ജനറൽ സീറ്റുകളിലാണ് തങ്ങൾ ദളിത് വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥനാർത്ഥികളാക്കിയിരിക്കുന്നതെന്നും കബ്ലിവാല ചൂണ്ടിക്കാട്ടി. ബി ജെ പിക്കും കോൺഗ്രസിനും ഒരേ ശബ്ദമാണ്. അവർ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി യാതൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കോൺഗ്രസിലേക്ക് പോകുന്ന മുസ്ലീം, ദളിത് വോട്ടുകളാണ് ഞങ്ങളുടെ ലക്ഷ്യം. ഇത്രയും കാലം കൊണ്ട് സമുദായത്തിന് എന്ത് കാര്യമാണ് കോൺഗ്രസ് ചെയ്തത് എന്ന ചോദ്യം ഞങ്ങൾ വോട്ടർമാർക്കിടയിൽ ഉന്നയിക്കും കാബ്ലിവാല പറഞ്ഞു.
അതേസമയം ശക്തമായ മത്സരം കാഴ്ച വെയ്ക്കുമെനന്ന് അവകാശപ്പെടുമ്പോഴും നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് എ ഐ എം ഐ എമ്മിന് പ്രതിസന്ധി തീർക്കുന്നുണ്ട്. നിരവധി നേതാക്കൾ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ പാർട്ടിയിൽ നിന്നും രാജിവെച്ച് പുറത്ത് പോയിരുന്നു. കാബ്ലിവാല പാർട്ടിയിൽ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നേതാക്കളുടെ രാജി.