പൂപ്പാടങ്ങളൊരുങ്ങി; ഇക്കുറി പൂവിന് വില കൂടും

മലയാളികള്‍ക്ക് ഓണപ്പൂക്കളങ്ങളൊരുക്കാന്‍ ഏറ്റവും കൂടുതല്‍ പൂവുകളെത്തുന്നത് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ്. ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങളില്‍ നിന്നും പൂക്കള്‍ കേരളത്തിലെത്തിത്തുടങ്ങി. മഴ കുറവായതിനാല്‍ ഇത്തവണ പൂവിന് വില കൂടുതലാണ്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങള്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ്. വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലിയും സൂര്യകാന്തിയുമാണ് ഇവിടുത്തെ പ്രധാന പൂവുകള്‍. പെയിന്റ് കമ്പനികള്‍ക്കു വേണ്ടിയാണ് പ്രധാനമായും പൂക്കൃഷി ചെയ്യുന്നത്. പക്ഷേ ഓണമായാല്‍ പൂക്കള്‍ മലയാളികള്‍ക്കുള്ളതാണ്. പൂപ്പാടങ്ങളില്‍ വെള്ളം കുറഞ്ഞത് കൃഷിയുടെ വ്യാപ്തി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓണസീസണില്‍ കിലോക്ക് 20 രൂപയായിരുന്നു വിലയെങ്കില്‍ ഈ വര്‍ഷം അത് 50 രൂപ കടന്നിട്ടുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവാണ് ഗുണ്ടല്‍പേട്ടിലെ പൂക്കാലം മഴ കുറവായതിനാല്‍ ഗുണ്ടല്‍പേട്ടില്‍ പൂവിന് വലിയ ഡിമാന്റാണ്. അതിനാല്‍ മലയാളികള്‍ക്ക് പൂക്കളങ്ങള്‍ക്കിക്കുറി വലിയ വില കൊടുക്കേണ്ടിവരും.‌

Top