
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ദോമോഹാനി മേഖലയിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു. 70 ലധികം യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ്, ഇന്നലെ വൈകീട്ട് ജൽപായ്ഗുരി ജില്ലയിലെ മെയ്നാഗുരിക്ക് സമീപത്ത് വച്ചാണ് അപകടത്തിപ്പെട്ടത്.
അപകടത്തിന്റെ രക്ഷാപ്രവർത്തനം പൂർത്തിയായതായി എൻഎഫ്ആർ അറിയിച്ചു. അപകട സമയത്ത് ട്രെയിനിൽ 1,053 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാളത്തിൽ വിള്ളലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ ചില ബോഗികൾ ട്രെയിനിന്‍റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർപെട്ടു. ചില ബോഗികള്‍ മറ്റ് ബോഗികളിലേക്ക് ഇടിച്ച് കയറുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ യാത്രക്കാർക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.