ഇസ്ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതും തുര്‍ന്ന് ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും എന്‍ഐഎ അന്വേഷണവുമെല്ലാം എല്ലാവരും അറിഞ്ഞതാണ്. ഹാദിയ വീട്ടുതടങ്കലിലാണെന്നും മോചിപ്പിക്കണമെന്നുമായിരുന്നു ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഭര്‍ത്താവിന്റെ വാദം ശരിവയ്ക്കുന്ന സംഭവമാണ് ഹാദിയയുടെ വീടിന് മുമ്പിലുണ്ടായിരിക്കുന്നത്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി യുവതിയെ മതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ വിടുകയായിരുന്നു. തുടര്‍ന്ന് വൈക്കത്തെ വീട്ടിലാണ് ഹാദിയ കഴിയുന്നത്. പുറത്ത് പോലീസ് കാവലുണ്ട്. പുറത്തുനിന്നുള്ള ആരെയും ഹാദിയയെ കാണാന്‍ അനുവദിക്കുന്നുമില്ല. പുതിയ സംഭവം വ്യത്യസ്തമാണ്. ഹാദിയയെ കാണാന്‍ ഒരു കൂട്ടം വനിതകള്‍ എത്തയതോടെയാണ് പുതിയ സംഭവത്തിന്റെ തുടക്കം. ഇവരെ പോലീസും ഹാദിയയുടെ മാതാപിതാക്കളും തടഞ്ഞു.
ഹാദിയക്ക് നല്‍കാന്‍ പുസ്തകങ്ങളും വസ്ത്രവും ചോക്ലേറ്റ്‌സുമായാണ് അഞ്ചു വനിതകള്‍ എത്തിയത്. ഹാദിയക്ക് കൊണ്ടുവന്ന സാധനങ്ങള്‍ കൊടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിഷയം സുപ്രീംകോടതി വരെ എത്തിയ സാഹചര്യത്തില്‍ നിയമ നടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ ഹാദിയയെ കാണാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് വനിതകള്‍ മാധ്യമങ്ങളെ അറിയിച്ചു. പോലീസും മാതാപിതാക്കളും ഹാദിയയെ കാണാന്‍ സാധിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്ന സാധനങ്ങള്‍ വേണ്ടെന്നും പറഞ്ഞു ദേഷ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വനിതകള്‍ വായ് മൂടിക്കെട്ടി വീടിന് മുന്നില്‍ പ്രതിഷേധിച്ചു. മകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിനല്‍കാന്‍ തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.
ഇതിനിടെയാണ് ഹാദിയ ജനലിലൂടെ രക്ഷിക്കണമെന്ന് വിളിച്ചുപറഞ്ഞത്. തന്നെ രക്ഷിക്കണമെന്നും ഉപദ്രവിക്കുന്നുണ്ടെന്നും മറ്റും ഹാദിയ വിളിച്ചുപറഞ്ഞുവെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വനിതകളിലൊരാള്‍ പറഞ്ഞു. വനിതകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വന്നതെന്നായിരുന്നു മാതാപിതാക്കളുടെ വാദം. മുമ്പും ഹാദിയയെ കാണാന്‍ വന്നവരെ വീട്ടുകാരും പോലീസും തടഞ്ഞിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകരും നേരത്തെ വന്ന് നിരാശരായി മടങ്ങിയിരുന്നു. അതിനിടെ ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ ഹാദിയയെ വീട്ടില്‍ വന്നു കണ്ടത് പരസ്യമായിരുന്നു.