തീരുമാനമെടുക്കാൻ ഹാദിയയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി

ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ തീരുമാനമെടുക്കാൻ ഹാദിയയ്ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. വിവാഹം റദ്ദാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്നും, കേസിൽ എൻഐഎ അന്വേഷണം ആവശ്യമുണ്ടോയെന്നും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് എൻഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇസ്‌ലാം മതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം മേയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. മകളെ നിർബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. പെൺകുട്ടിയെ കോടതി മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തിരുന്നു.

Top