സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ; കോളെജിലേക്കു മടങ്ങിപ്പോകുന്നതിന് മുന്‍പ് വിശദമായി മാധ്യമങ്ങളെ കാണും

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഹാദി. ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയെന്നും ഹാദിയ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോളെജിലേക്കു മടങ്ങിപ്പോകുന്നതിനു മുന്‍പു വിശദമായി മാധ്യമങ്ങളെ കാണുമെന്നും ഹാദിയ അറിയിച്ചു.അതേസമയം, വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശമെന്നും ഷെഫിന്‍ ജഹാന്‍ അറിയിച്ചു. വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തിയതായിരുന്നു ഹാദിയ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി. അബൂബക്കറെ സന്ദര്‍ശിക്കാനാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്. സുപ്രീം കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലര്‍ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാനാണു ചെയര്‍മാനെ കണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് അറിയിച്ചു. മറ്റു പല സംഘടനകളും സഹായിച്ചെന്നും എന്നാല്‍ പരിപൂര്‍ണ സഹായം തന്നു കൂടെനിന്നതു പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ഇരുവരും പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണു ഷെഫിന്‍ കോളെജിലെത്തി ഹാദിയയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. കോളെജില്‍നിന്നു മൂന്നു ദിവസത്തെ അവധി അപേക്ഷ നല്‍കിയശേഷമായിരുന്നു ഹാദിയ മടങ്ങിയത്.

Top