കൊച്ചി:ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെന്റെറി സംവിധായകന്‍ ഗോപാല്‍ മേനോന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .വീട്ടില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ കണ്ടതായും ഗോപാല്‍ മേനോന്‍ പറഞ്ഞു. നാളെ പുറത്തിറങ്ങാനിരിക്കുന്ന ഐ ആം ഹാദിയ എന്ന ഡോക്യൂമെന്ററിയുടെ സംവിധായകനാണ് ഗോപാല്‍. ഹാദിയയെ മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ ബിജെപിയുടെ നേതൃത്വത്തില്‍ ഹാദിയയുടെ അച്ഛന്‍ വധിക്കാന്‍ പദ്ധതിയിട്ടതായും ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തി.
ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു. താന്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ട്. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഈ വീഡിയോ കണ്ടിരുന്നെന്നും ഗോപാല്‍ പറഞ്ഞു.
മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്റെ പക്കലുണ്ട്. ഹാദിയ വീട്ടു തടങ്കലില്‍ ആകുന്നതിന് മുമ്പ് അമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് അച്ഛന്‍ അശോകന്‍, ബിജെപി പ്രവര്‍ത്തകരുമായി ചേര്‍ന്ന് മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരങ്ങളുള്ളത്.