കോട്ടയം: വൈക്കം ടിവി പുരത്ത് വീട്ടുതടങ്കലിലായിരുന്ന ഡോ. ഹാദിയയെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന് പോലിസിന്റെ വെളിപ്പെടുത്തല്‍. ഹാദിയയെ സന്ദര്‍ശിച്ചവരുടെ പേര് വിവരങ്ങള്‍ ചോദിച്ച് പൊതുപ്രവര്‍ത്തകന്‍ പി പി മൊയ്തീന്‍കുഞ്ഞ് കോട്ടയം പോലിസ് സൂപ്രണ്ട് ഓഫിസില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രസ്തുത രേഖകളൊന്നും കൈവശമില്ലെന്ന് പോലിസ് മറുപടി നല്‍കിയത്. ജില്ലാ പോലിസ് മേധാവിക്കുവേണ്ടി കോട്ടയം ഡിവൈഎസ്പി വിനോദ് പിള്ളയാണ് അപേക്ഷയ്ക്ക് മറുപടി നല്‍കിയിരിക്കുന്നതെന്ന് തേജസ് റിപ്പോർട്ട് ചെയ്യുന്നു .2017 മെയ് 24ന് ഹൈക്കോടതി വിവാഹം അസാധുവാക്കിയതിനെത്തുടര്‍ന്ന് 2017 മെയ് 26നാണ് ഡോ. ഹാദിയ വീട്ടില്‍ കനത്ത പോലിസ് കാവലില്‍ തടങ്കലിലാവുന്നത്. ഹാദിയ തടങ്കലിലായശേഷം പൗരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വനിതാ സംഘടനകള്‍ക്കും സംസ്ഥാന വനിതാ കമ്മീഷനുപോലും സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.അതേസമയം, സംഘപരിവാരപ്രവര്‍ത്തകര്‍ക്ക് ഹാദിയയുടെ വീട്ടിലേക്ക് യഥേഷ്ടം കടന്നുകയറാന്‍ പോലിസ് അനുമതിയും നല്‍കിയിരുന്നു.
ഹിന്ദുത്വകേന്ദ്രങ്ങളില്‍നിന്നുള്ള കൗണ്‍സിലര്‍മാര്‍, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, സംഘപരിവാര സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയില്‍നിന്നുള്ള മാജിദ തുടങ്ങി നിരവധി പേരാണ് ഹാദിയയെ സന്ദര്‍ശിച്ചത്.ഹാദിയയെ സന്ദര്‍ശിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുമെന്നായിരുന്നു പോലിസ് പറഞ്ഞിരുന്നത്. ഡോ. ഹാദിയ തടങ്കലിലായ ശേഷം സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരുടെയും വീടിന് മുന്നിലൂടെ പോവുന്നവരുടെയും പേരുകള്‍ രജിസ്റ്ററില്‍ എഴുതുകയും ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഹാദിയയെ സന്ദര്‍ശിച്ച സംഘപരിവാര നേതാക്കളുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടി പോലിസ് നല്‍കിയതെന്നാണ് സൂചന.