ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ കുത്തനെ കൂട്ടി

ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ കുത്തനെ കൂട്ടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39,005 സീറ്റാണ് അധികമായി അനുവദിച്ചത്. ഇതോടെ രാജ്യത്തിനനുവദിച്ച സീറ്റുകളുടെ എണ്ണം 1,75,025 ആയി. മുന്‍ വര്‍ഷം 1,36,020 സീറ്റാണ് ഉണ്ടായിരുന്നത്. സൗദി സര്‍ക്കാരുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഹജ്ജ് കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്ക് ലഭിക്കുന്ന സീറ്റുകളില്‍ 75 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 25 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും പങ്കുവെക്കും. മുസ്ലിം ജനസംഖ്യാനുപാതികമായാണ് വീതംവെപ്പ്. 2011-ലെ സെന്‍സെസ് പ്രകാരം രാജ്യത്തെ മുസ്ലിം ജനസംഖ്യയില്‍ 5.15 ശതമാനമാണ് കേരളത്തിലുള്ളത്. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ തന്നെ 11,197 സീറ്റുകള്‍ കേരളത്തിന് ലഭിച്ചിരുന്നു. അഞ്ചാം വര്‍ഷക്കാര്‍ക്കുള്ള പ്രത്യേക ക്വാട്ടയും അപേക്ഷകള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളും അടക്കമായിരുന്നു ഇത്. തീര്‍ഥാടനം തുടങ്ങിയശേഷം ഒഴിവുവന്ന 281 സീറ്റുകള്‍കൂടി ലഭിച്ചതോടെ കേരളത്തില്‍നിന്ന് 11,478 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. ഇക്കൊല്ലം ക്വാട്ട വര്‍ധിപ്പിച്ചതിനാല്‍ ആനുപാതികമായി കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ നേരിയ വര്‍ധനയുണ്ടാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

ഇത്തവണ അഞ്ചാം വര്‍ഷക്കാര്‍ക്ക് സംവരണം ഇല്ല. അതേസമയം 45 വയസ്സിനുമുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിന് നറുക്കെടുപ്പില്ലാതെ അവസരം നല്‍കുന്നുണ്ട്. കേരളത്തില്‍നിന്ന് 1,124 സ്ത്രീകള്‍ ഇത്തരത്തില്‍ ഹജ്ജിന് പോകുന്നുണ്ട്. ഇവര്‍ക്ക് കേന്ദ്രം പ്രത്യേക ക്വാട്ട അനുവദിക്കുകയാണെങ്കില്‍ കേരളത്തിന് നേട്ടമാകും. രാജ്യത്താകെ 1300 അപേക്ഷകരാണ് ഇത്തരത്തിലുള്ളത്. രാജ്യത്ത് ഏറ്റവും അധികം ഹജ്ജ് അപേക്ഷകര്‍ ഇത്തവണയും കേരളത്തില്‍നിന്നാണ്, എഴുപതിനായിരത്തോളം പേര്‍. മുന്‍വര്‍ഷം 95,236 അപേക്ഷകര്‍ ഉണ്ടായിരുന്നു. കപ്പല്‍വഴിയും ഹജ്ജ് തീര്‍ഥാടനം സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ഹജ്ജ് സര്‍വീസിന് കപ്പല്‍ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞിട്ടുണ്ട്. ഇതും കേരളത്തിന് പ്രതീക്ഷയേകുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top