അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അനുമതി പത്രമുള്ള മൂന്ന് വിഭാഗം വിദേശികളെ മാത്രമേ ഹറം പരിധിയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് മക്ക ഗവര്‍ണറേറ്റും അറിയിച്ചു. അനധികൃതമായി ഹജ്ജിനെത്തി പിടിക്കപ്പെട്ടാല്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ 10 വര്‍ഷം വിലക്കോടെ നാടു കടത്തും എന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജ് കാലത്ത് മൂന്നു വിഭാഗം വിദേശികള്‍ക്കു മാത്രമാണ് മക്കയില്‍ പ്രവേശിക്കാന്‍ അനുമതി. മക്ക ജവാസാത്ത് ഡയറക്ടറേറ്റ് അനുവദിച്ച ഇഖാമ, ഹജ് അനുമതി പത്രം, ജോലിക്കുള്ള അനുമതി പത്രം എന്നിവയുള്ളവര്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ.
ഈ വിഭാഗങ്ങളില്‍ പെടാത്ത വിദേശികളെ ഹജ് പൂര്‍ത്തിയാകുന്നതു വരെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇവരുടെ വാഹനങ്ങളും മക്കയിലേക്ക് കടത്തിവിടില്ല. അനുമതിയില്ലാതെ എത്തുന്നവരെ തിരിച്ചയക്കും. നുഴഞ്ഞ് കയറി പിടിക്കപ്പെട്ടാല്‍ നാടുകടത്തപ്പെടും. ഇവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കുമുണ്ടാകും. ഹജ്ജ് നിര്‍വഹിക്കാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഏജന്‍സികള്‍ മുഖേന പെര്‍മിറ്റ് കരസ്ഥമാക്കണം. ഓണ്‍ലൈന്‍ വഴിയും അനുമതി ലഭിക്കും. തീര്‍ഥാടകര്‍ക്ക് പ്രയാസമില്ലാതെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഹജ്ജടുത്തതോടെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹജ്ജ് സേവനത്തിന് ഓടുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിനായി പ്രത്യേക ഫിറ്റ്‌നസ് പരിശോധന പാസായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.