ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന്റെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായി. കുവൈറ്റിൽ നിന്നും എത്തിയ സംഘത്തിന്റെ പാസ്പോർട്ടുകളാണ് നഷ്ടമായത്. 52 പേരാണ് സംഘത്തിലുള്ളത്. കുവൈറ്റിൽ നിന്നും ഈ മാസം മൂന്നാം തീയ്യതി പുറപ്പെട്ട് നാലാം തീയ്യതി രാത്രിയിലാണ് മക്കയിലെത്തിയത്.
കുവൈത്ത്- സൗദി അതിര്‍ത്തി കഴിഞ്ഞ ഉടന്‍ ബസ് ഡ്രൈവര്‍ എല്ലാവരുടേയും പാസ്പോര്‍ട്ട് വാങ്ങിവെക്കുകയും മക്കയിലെത്തി പാസ്പോര്‍ട്ട് തിരികെ ചോദിച്ചപ്പോള്‍ ഹോട്ടലിൽ ഏൽപ്പിക്കണമെന്നുമാണ് പറഞ്ഞത്. തുടർന്ന് ഹറമില്‍ചെന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കൊണ്ടുപോയി.
ചൊവ്വാഴ്ചയാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട വിവരം തീര്‍ത്ഥാടകരെ അറിയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും ബസ് ഡ്രൈവര്‍ പാസ്പോര്‍ട്ടടങ്ങിയ സഞ്ചി ഹോട്ടല്‍ അധികൃതരെ ഏല്‍പിക്കുന്നതായി കാണുന്നുണ്ട്. ഹോട്ടല്‍ വൃത്തിയാക്കുന്ന തൊഴിലാളികള്‍ പാഴ് വസ്തുക്കളാണെന്ന് കരുതി കളഞ്ഞതാണെന്നാണ് സൂചന. മലയാളി സംഘം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി പരാതി നൽകിയിട്ടുണ്ട്.