ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി പുണ്യനഗരികളായ മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ വര്‍ഷം മുതല്‍ ഓടിത്തുടങ്ങും. ഈ വര്‍ഷം തന്നെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഹറമൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹഫീസ് ഫിദ പറഞ്ഞു. മക്ക, മദീന നഗരികള്‍ക്കിടയിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും അതുവഴി അപകടങ്ങള്‍ തടയാനും അതിലുപരി ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാനും ഹറമൈന്‍ അതിവേഗ ട്രെയിനുകള്‍ വരുന്നതോടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം തുടങ്ങുമെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അല്‍ ജസീറ അറബി ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യേഷ്യയിലെ തന്നെ വലിയ റയില്‍ പദ്ധതികളിലൊന്നാണ് ഹറമൈന്‍ റയില്‍വേ. മണിക്കൂറില്‍ മുന്നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ കുതിക്കുക. നിലവില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ അത് വെറും രണ്ടേകാല്‍ മണിക്കാറായി ചുരുങ്ങും.
450 കിലോമീറ്റര്‍ ദുരമാണ് ഹറമൈന്‍ റെയില്‍ പദ്ധതി. മക്ക, മദീന, ജിദ്ദ, റാബിഗ്, കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ഇസ്ലാമിക വാസ്തുശില്‍പ മാതൃകകളില്‍ നിര്‍മിക്കുന്ന അഞ്ചു സ്റ്റേഷനുകള്‍ ഉള്‍കൊള്ളുന്നതാണിത്. ആഗമന, പുറപ്പെടല്‍ ലോഞ്ചുകള്‍, കാത്തിരിപ്പു കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, റസ്റ്റോറന്റകള്‍, കഫെകള്‍, കാര്‍ പാര്‍ക്കിംഗ് സൗകര്യം, വിഐപി ലോഞ്ചുകള്‍, 1000 പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന പ്രാര്‍ഥനാ ഹാളുകള്‍, ഹെലിപാഡ്, സിവില്‍ ഡിഫന്‍സ് കേന്ദ്രം എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും ഓരോ സ്റ്റേഷനും. പ്രധാന സ്റ്റേഷനായ ജിദ്ദയില്‍ മാത്രം മണിക്കൂറില്‍ 25000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ട്രെയിന്‍ പദ്ധതിയില്‍ വര്‍ഷത്തില്‍ അറുപത് ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.
35 ഹൈ സ്പീഡ് ട്രൈയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വെബ്സൈറ്റ്, മൊബൈല്‍ ആപ്, ഓട്ടോമാറ്റിക് ടിക്കറ്റ് വിപണന കേന്ദ്രങ്ങള്‍, റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ തുടങ്ങും. മക്ക, മദീന പുണ്യ നഗരികള്‍ക്കിടയില്‍ ചുരുങ്ങിയ ചിലവില്‍ യാത്ര സാധ്യമാകുന്ന വിധത്തില്‍ എക്സിക്യുട്ടീവ്, ഇക്കോണമി ക്ലാസുകള്‍ ലഭ്യമാക്കുമെന്നും പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.