സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് – ഹമീദ് വാണിയമ്പലം

സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് – ഹമീദ് വാണിയമ്പലം
മുക്കം: സാമുദായിക സംഘര്‍ത്തിലൂടെ അധികാരമെന്ന അപകടകരമായ സംഘപരിവാര്‍ അജണ്ടയാണ് അധികാരത്തുടര്‍ച്ചക്ക് വേണ്ടി കേരളത്തില്‍ സി.പി.എം പ്രയോഗിക്കുന്നതെന്നും അത് താല്‍ക്കാലികമായി സിപിഎമ്മിന് ഗുണം ചെയ്യുമെങ്കിലും ആത്യന്തികമായി സംഘപരിവാറാണ് അതിന്റെ ഗുണഭോക്താക്കളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അധികാരം നിലനിര്‍ത്താന്‍ സി.പി.എം നടത്തിക്കെണ്ടിരിക്കുന്ന വര്‍ഗ്ഗീയ സോഷ്യല്‍ എഞ്ചിനീയറിംഗ് ക്രിസ്ത്യന്‍-മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതും സംഘപരിവാറിന് വളം വെച്ചു കൊടുക്കുന്നതുമാണ്.
കേരളത്തിന്റെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ മതേതര കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതേതരത്വത്തിന്റെ മറവില്‍ സിപിഎം സെക്രട്ടറി ശുദ്ധ വര്‍ഗ്ഗീയതാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘ്പരിവാര്‍-സി.പി.എം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ മുക്കത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹമീദ് വാണിയമ്പലം. വിദ്വേഷപ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രചണത്തിന്റെ ഭാഗമായി പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് മുക്കം എസ്.കെ പാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്.
പാല ബിഷപ്പ് നടത്തിയ വിദ്വേഷ പരാമര്‍ശം ക്രിമിനല്‍ കുറ്റമായിട്ടും നിയമപരമായ നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുസ്ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ സി.പി.എമ്മും ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ്. വിദ്വേഷ പ്രചാരണങ്ങളിലൂടെ കേരളത്തില്‍ അസ്വസ്ഥത പടര്‍ത്താനുള്ള നീക്കത്തെ കേരള ജനയോടൊപ്പംനിന്ന് ചെറുക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണ യോഗങ്ങള്‍, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം എന്നിവ സംഘടിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും ജനകീയ ഒപ്പ് ശേഖരണം നടത്തി.
കോട്ടയം ഉരുള്‍ദുരന്തഭൂമിയില്‍ പുനരധിവാസ-സേവനം ചെയ്ത് തിരിച്ചെത്തിയ മണ്ഡലത്തിലെ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരായ അന്‍വര്‍ മുക്കം, ടി.കെ നസ്റുല്ല എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന വലിയപറമ്പ്, ജ്യോതിബസു കാരക്കുറ്റി, ശംസുദ്ദീന്‍ പി.കെ, മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും സാലിഹ് കൊടപ്പന നന്ദിയും പറഞ്ഞു.
Top