
കൊച്ചി: ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരായ പൊലീസ് നടപടി കൂടുതല്‍ പേരിലേക്ക് നീളുന്നു. ഫേസ്ബുക്കിലൂടെ അപമാനിച്ചവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പ്രത്യേകിച്ചും തെറിപറഞ്ഞവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഹനാന്റെ ജീവിതത്തെക്കുറിച്ചോ മറ്റ് സംഭവങ്ങളെക്കുറിച്ചോ സംശയം പങ്കുവച്ചവരെ പൊലീസ് നിരീക്ഷിക്കുന്നില്ല. ഇത്തരമൊരു വ്യാജവാര്‍ത്ത ഉണ്ടായി വന്ന വഴികള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹനാനെ ലൈംഗീകമായി കളിയാക്കിയവരെയും അതിന് കാരണമായ വാര്‍ത്ത നിര്‍മ്മിച്ചവരെയും കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സംഭവത്തില്‍ 24 പേരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ കണ്ടെത്തി. ഇവരില്‍ പത്തുപേര്‍ വളരെ മോശം ഭാഷയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു പോസ്റ്റുകളിട്ടവരാണ്. മറ്റു 14 പേര്‍ കൂടുതല്‍ പേരിലേക്ക് ഇത്തരം പോസ്റ്റുകള്‍ എത്തിച്ചവരും.
ഹനാനെ അപമാനിക്കാന്‍ ലൈംഗികമായി അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചവരാണ് കുടുങ്ങുന്നത്. കേസില്‍ അറസ്റ്റിലായ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍, കൊല്ലം സ്വദേശി സിയാദ് എന്നിവര്‍ക്കു പുറമെ നാലു പേരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. ഇവരെ പിന്നീടു വിട്ടയച്ചു. സ്ഥിരമായി ഇത്തരം വ്യാജപ്രചാരണങ്ങളില്‍ പങ്കാളികളായ നാലു വിദേശ മലയാളികളുടെ വിവരങ്ങളും സൈബര്‍ സെല്ലിനു ലഭിച്ചു. ഹനാനെ അപമാനിച്ച കൂട്ടത്തിലും ഇവരുണ്ടായിരുന്നു. ഇവരെ നോട്ടീസ് അയച്ച് പൊലീസ് വിളിച്ചു വരുത്തും. താക്കീതും ചെയ്യും. ഹനാന്‍ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അശ്ലീല പ്രചരണങ്ങള്‍ക്ക് കടിഞ്ഞാണ് ഇടനാണ് നീക്കം.
സമൂഹമാധ്യമരംഗത്തു കുറ്റവാസന പ്രകടമാക്കുന്ന സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് പൊലീസ്. അത്യാവശ്യ ഘട്ടങ്ങളില്‍ തിരുവനന്തപുരത്തെ സൈബര്‍ ഡോമിന്റെ സഹായവും ലോക്കല്‍ പൊലീസിനു ലഭ്യമാക്കും. സംസ്ഥാനത്തെ സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പൊലീസ് തസ്തികകളില്‍ ജോലി ചെയ്യുന്ന ഇലക്ട്രോണിക്സ് ബിടെക്, എംടെക് ബിരുദധാരികളുടെ പ്രത്യേക പട്ടിക സംസ്ഥാന പൊലീസ് ആസ്ഥാനത്തു തയാറാക്കുന്നുണ്ട്. സൈബര്‍ കുറ്റാന്വേഷണത്തില്‍ ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കി ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ നിയോഗിക്കും. ഇതിലൂടെ സൈബര്‍ കേസ് അന്വേഷണങ്ങള്‍ പുതിയ തലത്തിലെത്തുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ താമസിക്കുന്നവരെ വേട്ടയാടുന്ന വിദേശ മലയാളികളായ സൈബര്‍ ക്രിമിനലുകളെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കു വേണ്ടി നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന്റെ സേവനവും തേടുമെന്നും റിപ്പോര്‍ട്ട്. അതിനിടെ ഹനാനെ പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ സന്ദര്‍ശിച്ചു. കൊച്ചി കോര്‍പറേഷന്‍ വക, തമ്മനത്തു മീന്‍ വില്‍പന നടത്തുന്ന സ്റ്റാള്‍ (കിയോസ്‌ക്) അനുവദിച്ചുനല്‍കുമെന്നു മേയര്‍ വ്യക്തമാക്കി.
ചെറിയ കച്ചവടം വിപുലീകരിക്കുന്നതിനു വേണ്ട സൗകര്യം കോര്‍പറേഷന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നു ഹനാന്‍ മേയറോട് ആവശ്യപ്പെട്ടു. തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനും തന്റെ പേരില്‍ വ്യാജ ഫേസ്ബുക് പ്രൊഫൈലുകള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ വേണമെന്നു ഹനാന്‍ ആവശ്യപ്പെട്ടു.