കൊച്ചി: കാറപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഹനാന്‍ വളരെ വേഗം സുഖം പ്രാപിക്കുന്നു. നട്ടെല്ലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാനാന് ഇനി എഴുന്നേറ്റ് നടക്കാമെന്ന് ഡോക്ടര്‍ അറിയിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഹനാന്റെ ചികിത്സ നടക്കുന്നത്.
ഒന്നര മാസമെങ്കിലും ബെല്‍റ്റ് ഉപയോഗിക്കണമെന്നു ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാലയളവില്‍ നന്നായി ശ്രദ്ധിക്കണം. നട്ടെല്ലിനു പരുക്കേറ്റ ഹനാന്‍ ഭാഗ്യമുള്ള കുട്ടിയാണ്. ഇത്രവേഗം രോഗം ഭേദമാകുന്നത് അപൂര്‍വമാണ്. ഒരുപക്ഷേ തളര്‍ന്നു പോകാമായിരുന്നു. അതാണ് അടിയന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചത്. നിലവില്‍ കാലുകള്‍ നന്നായി സെന്‍സ് ചെയ്യുന്നുണ്ട്. നല്ല മനക്കരുത്തുള്ള അപൂര്‍വ പെണ്‍കുട്ടിയാണു ഹനാനെന്നും ഡോ. ഹാരൂണ്‍ പറഞ്ഞു.
തനിക്കു ചികില്‍സയും ഫിസിയോതെറപ്പിയും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്ന ഡോക്ടറോടും ആശുപത്രിയോടും സഹായം ചെയ്ത സര്‍ക്കാരിനോടും നന്ദിയുണ്ടെന്നു ഹനാന്‍ പറഞ്ഞു. വീല്‍ചെയറിലായിരുന്നെങ്കിലും ഓണ്‍ലൈന്‍ മീന്‍ കച്ചവടത്തിനുള്ള തത്രപ്പാടിലായിരുന്നു ഹനാന്‍. മാധ്യമങ്ങളിലൂടെ തന്റെ സാഹചര്യവും ആവശ്യവും മനസ്സിലാക്കി ബാങ്കുകാര്‍ വിളിച്ചു വായ്പ നല്‍കുകയായിരുന്നു.
വണ്ടി തയാറായിട്ടുണ്ട്. സഹായിക്കാന്‍ ഡ്രൈവറുമുണ്ട്. ഫ്‌ലാറ്റുകളും മറ്റു റസിഡന്‍ഷ്യല്‍ ഏരിയയും ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ പിടിച്ച് മീന്‍ എത്തിച്ചു നല്‍കുന്നതിനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കൊച്ചി തമ്മനത്തും കച്ചവടം ചെയ്യണമെന്നാണ് ആഗ്രഹം. ഇവിടെ രണ്ടിടങ്ങളില്‍ രാവിലെയും വൈകിട്ടും മീന്‍ വില്‍ക്കും – ഹനാന്‍ പറഞ്ഞു.