ഹനാനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; പലരും മാപ്പ് പറഞ്ഞ് തടിയൂരി; ഹനാന്റെ ജീവിതം പരിചയക്കാരുടെ കണ്ണില്‍ ഇങ്ങനെ

കേരളത്തിന്റെ നന്മയും ക്രൂരതയും ഒരുപോലെ അറിഞ്ഞ വ്യക്തയാണ് ഹനാന്‍. രണ്ട് ദിവസമായി മലയാളി സൈബര്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഹനാന്‍ അവസാനം ക്രൂരമായ ആക്രമണമാണ് നേരിട്ടത്. ജീവിക്കാനായി നടത്തുന്ന മീന്‍ വില്‍പ്പന ഒരു സിനിമയുടെ പ്രൊമോഷനാണെന്ന വ്യാജ വാര്‍ത്തയാണ് മലയാളികെ ഹനാനെതിരെ തിരിയാന്‍ കാരണമാക്കിയത്. തുടര്‍ന്ന് ദുഖം അടക്കാനാകാതെ വികാര നിര്‍ഭരയായാണ് ഹനാന്‍ മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

മീന്‍വിറ്റ് ജീവിച്ചിരുന്ന അവളുടെ ദുരിത ജീവിതം കണ്ട് സഹായവുമായി രംഗത്തിറങ്ങിയവര്‍ പോലും സൈബര്‍ ലോകത്തിന്റെ നുണ പ്രചരണത്താല്‍ മനം മാറ്റിയ അവസ്ഥയുണ്ടായി. വഞ്ചകിയെന്നും കള്ളിയെന്നും വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ ഇന്ന് വരെ കണ്ണീരു മറ്റാരെയും അറിയിക്കാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിച്ച പെണ്‍കുട്ടി അലമുറയിട്ട് കരയേണ്ടി വന്നു. താന്‍ അധ്വാനിച്ച പണം കൊണ്ട് ജീവിക്കാന്ന അനുജനെ ഓര്‍ത്ത് ഇന്നലെ അവള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതൃഭൂമി എഴുതിയ വാര്‍ത്തയെ തുടര്‍ന്നാണ് ഒരുപാട് നല്ലമനുഷ്യര്‍ ഹനാന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്. പുതുമുഖ സംവിധായകന്‍ അരുണ്‍ ഗോപി തന്റെ സിനിമയില്‍ അവസരവും വാഗ്ദാനം ചെയ്തു. മുമ്പ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ടുകൂടിയാവാം അരുണ്‍ഗോപി തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ഹനാനെ സഹായിക്കാമെന്ന് കരുതിയത്. എന്നാല്‍ അരുണ് ഗോപിയെ പോലും പ്രതിരോധത്തിലാക്കുന്ന വിധത്തിലായി പിന്നീടുണ്ടായ കാര്യങ്ങള്‍. തമ്മനത്ത് അവള്‍ മീന്‍കച്ചവടം തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. എന്നാല്‍, കളമശ്ശേരിയില്‍ മൂന്ന് മാസമായി അവള്‍ മീന്‍വില്‍ക്കുന്നുണ്ടായിരുന്നു, ഇക്കാര്യം അവിടെയുള്ള എല്ലാവരും ശരിവെക്കുകയും ചെയ്യുന്നു.

കളമശ്ശേരി തോഷിബ ജങ്ഷനിലെ പൈപ്പ്‌ലൈന്‍ റോഡില്‍ ഹനാന്‍ ഒരുമാസത്തോളം കച്ചവടം നടത്തിയിരുന്നെന്ന് തൊട്ടടുത്ത് ബജിയും മറ്റും വിറ്റിരുന്ന രാഹുല്‍ പറയുന്നു. ഇക്കാര്യം ഇവിടുത്തെ ഓട്ടോക്കാരും യൂണിയന്‍കാരുമെല്ലാം സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ മുന്നു ദിവസം മാത്രം കച്ചവടം നടത്തിയാണ് ഹനാന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചതെന്ന കുപ്രചാരണങ്ങള്‍ക്ക് മറുപടിയാവുകയാണ്. നേരത്തെ തന്നെ, കളമശ്ശേരിയില്‍ മറ്റു രണ്ടു പേരോടൊപ്പം പങ്കു കച്ചവടം നടത്തിയിരുന്നുവെന്നും അതിലൊരാളുടെ പെരുമാറ്റം ശരിയല്ലെന്ന് തോന്നിയതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തമ്മനത്ത് കച്ചവടമാരംഭിച്ചിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു എന്ന അര്‍ധസത്യം മാത്രം പറഞ്ഞ് ചിലര്‍ പ്രചാരണം നടത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഹനാനെതിരെ വ്യാപക ആക്രമണമുണ്ടാവുകയായിരുന്നു.

ഒരാളുടെ പെരുമാറ്റം മോശമായതുകൊണ്ടാണ് ഹനാന് കളമശ്ശേരിയില്‍നിന്ന് പോകേണ്ടിവന്നത്. കൂടെവന്നവരിലൊരാള്‍ മദ്യപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇടപെട്ട് പിന്നീട് ഇവിടത്തെ വില്‍പ്പന നിര്‍ത്തിച്ചു. കൂടെ മീന്‍ വില്‍പ്പനയ്ക്കുണ്ടായിരുന്ന ബാബുവിനെ ഹനാന്‍ പരിചയപ്പെടുന്നത് ആലുവ മണപ്പുറത്ത് കപ്പവിറ്റു നടന്നപ്പോഴാണ്. ബാബുവും സുഹൃത്തും മണപ്പുറത്ത് കുലുക്കിസര്‍ബത്തിന്റെ കച്ചവടം നടത്താന്‍ വന്നതായിരുന്നു. ഹനാനുമായി ചേര്‍ന്ന് ബാബു ആദ്യം ബജി വില്‍പ്പന നടത്തി. പിന്നീട് മീന്‍വില്‍പ്പനയിലേക്ക് തിരിഞ്ഞു.

ആലുവയില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ ഹനാനിന്റെ ഒപ്പം അമ്മയുണ്ടായിരുന്നു. പിന്നീട് അവര്‍ താമസം കുസാറ്റിന്റെ പരിസരത്തേക്കു മാറ്റി. ഒടുവില്‍ വാടക കൂടുതലായതിനാല്‍ മാടവനയിലേക്ക് താമസം മാറ്റി. ”ഒരു ഗതിയും പരഗതിയുമില്ലാതിരുന്ന കുട്ടിയായിരുന്നു, കലാഭവന്‍ മണി സഹായിക്കുന്നതിനെപ്പറ്റിയെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്” -ബാബു പറയുന്നു.

ഹനാനെതിരെ വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പപേക്ഷയുമായി രംഗത്തെത്തി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ഷെയ്ഖ് മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഹനാനെതിരെ അധിക്ഷേപം ചൊരിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. പലരും മാപ്പ് പറഞ്ഞ് തടിയൂരുകയാണ്

വയനാട് സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ നൂറുദ്ദീന്‍ ഷെയ്ഖ് ഫേസ്ബുക്കിലൂടെയാണ് മാപ്പ് പറഞ്ഞത്. ഇയാള്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായതോടെയാണ് ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ മാപ്പ് പറഞ്ഞ വിഡിയോ ഇയാള്‍ പിന്നീട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു.

പ്രചരിച്ച വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ സത്യംപകല്‍ വ്യക്തമാക്കിയതോടെ നൂറുദ്ദീനെതിരെ പ്രതിഷേധമുയര്‍ന്നു. ഇതെ തുടര്‍ന്നാണ് മാപ്പപേക്ഷയുമായി ഇയാള്‍ തടിതപ്പുന്നത്. താനൊരു മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്നും ഇയാള്‍ വിഡിയോയില്‍ വ്യക്തമാക്കുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാള്‍ പറയുന്നു. ഹനാനെതിരെ അധിക്ഷേപം ഉന്നയിച്ചപ്പോള്‍ അവള്‍ നേരിടേണ്ടിവന്ന അധിക്ഷേപങ്ങള്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുകയാണെന്നും മാന്യമായ കമന്റുകള്‍ ഇടണമെന്നും ഇയാള്‍ സോഷ്യല്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു.

ഹനാന്‍ നവരത്നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീന്‍ വില്‍ക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുണ്‍ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് ഇയാള്‍ ഇന്നലെ വിഡിയോയില്‍ പറഞ്ഞത്. ഈ തെറ്റിദ്ധാരണയാണ് ആ പാവം പെണ്‍കുട്ടിയെ ഇന്നത്തെ ദിനം മാനസികസംഘര്‍ഷത്തിലാക്കിയത്. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും ഇയാളുടെ പേജില്‍ പ്രതിഷേധം നിറയുകയാണ്.

Top