കൊച്ചി:ഇത്തവണ ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് വിജയം ബാലികേറാ മാലയാണ് .പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആണ് ചെന്നിത്തലയുടെ മണ്ഡലത്തിൽ .അതിനിടെ മണ്ഡലം മാറുമെന്നും പ്രചാരണം ഉണ്ട് .എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാക്കുന്ന സി.പി.എം ചെന്നിത്തലയെ തോൽപ്പിക്കാനും കടുത്ത നീക്കം . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ട് സ്വന്തം സ്‌ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കത്തിലാണ് . സി.പി.ഐയുടെ കൈവശമുള്ള മണ്ഡലം ഏറ്റെടുക്കുന്നതിനു സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം ആരംഭിച്ചു. പകരം ആലപ്പുഴ ജില്ലയിലെ അരൂര്‍ സീറ്റ് വിട്ടുകൊടുക്കാമെന്നാണ് സി.പി.എമ്മിന്റെ വാഗ്‌ദാനം. ഇരു പാര്‍ട്ടികളും തമ്മില്‍ വൈകാതെ ഔദ്യോഗിക ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവിനെതിരേ സ്വന്തം സ്‌ഥാനാര്‍ഥിയെ നിര്‍ത്തുന്നതു ഹരിപ്പാട് മണ്ഡലത്തിനു പുറത്തും അണികള്‍ക്ക് ആവേശം പകരുമെന്നു സി.പി.എം. നേതാക്കള്‍ കണക്കുകൂട്ടുന്നു.
ഹരിപ്പാട് സ്വന്തം അമ്മയെ പോലെയാണെന്നും അവിടെത്തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കിക്കഴിഞ്ഞു. ബി.ജെ.പിക്കു സ്വാധീനം വര്‍ധിച്ചുവരുന്ന മണ്ഡലമാണ് ഹരിപ്പാട്. ശക്‌തമായ ത്രികോണ മത്സരമുണ്ടായാല്‍ അതു യു.ഡി.എഫിനാകും തിരിച്ചടി സൃഷ്‌ടിക്കുകയെന്നാണ് മുതിര്‍ന്ന സി.പി.എം നേതാക്കളുടെ വിലയിരുത്തല്‍.
അതേസമയം ഹരിപ്പാട് സ്വന്തം അമ്മയെ പോലെ എന്നും അവിടെ തന്നെ മത്സരിക്കുമെന്നും ,പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് എത്തിയത്. ഞാന്‍ ഹരിപ്പാട് നിന്ന് മാറുമെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ് ഉളളത്.
1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഹരിപ്പാട്ട് ഒന്‍പതു തവണയും യു.ഡി.എഫിനായിരുന്നു ജയം. അഞ്ച് വട്ടമാണ് എല്‍.ഡി.എഫിനു വിജയിക്കാനായത്. 2001ല്‍ സി.പി.എമ്മിലെ ടി.കെ. ദേവകുമാറാണ് ഒടുവില്‍ ഇടതുപക്ഷത്തുനിന്നു ജയിച്ചത്. എന്നാല്‍, 2006ല്‍ പരാജയപ്പെട്ടു. 2011ല്‍ സി.പി.ഐയിലെ ജി. കൃഷ്‌ണപ്രസാദിനെ 5520 വോട്ടിനു തോല്‍പ്പിച്ച രമേശ് ചെന്നിത്തല കഴിഞ്ഞ തവണ 18621 വോട്ടാക്കി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. സി.പി.ഐയുടെ പി. പ്രസാദായിരുന്നു എതിരാളി.
ആലപ്പുഴ ജില്ലയില്‍ സി.പി.എം.വിഭാഗീയത ഏറ്റവും രൂക്ഷമായ പ്രദേശമാണ് അരൂര്‍. 2016ല്‍ എ.എം. ആരിഫ് 38519 വോട്ടിനു ജയിച്ച അരൂരില്‍ അദ്ദേഹം രാജിവച്ച് ലോക്‌സഭാംഗമായശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്‌മാനോടു സി.പി.എമ്മിലെ മനു സി. പുളിക്കല്‍ 2079 വോട്ടിനാണ് തോറ്റത്. തോല്‍വിക്കു പിന്നില്‍ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങളാണെന്നു പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് സീറ്റ് വച്ചുമാറുന്നതിനു സി.പി.എം. താല്‍പര്യം കാട്ടുന്നത്.സീറ്റ് വിട്ടുകിട്ടിയാല്‍ ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലന്‍, മുന്‍ എം.പി: സി.എസ്. സുജാത, കായംകുളം എം.എല്‍.എയായ യു. പ്രതിഭ, മുന്‍ എം.എല്‍.എ: ടി.കെ. ദേവകുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി.എസ്. താഹ തുടങ്ങിയവരുടെ പേരുകളാകും സി.പി.എം. മുഖ്യമായും പരിഗണിക്കുയെന്ന് അറിയുന്നു.