
തിരുവനന്തപുരം: ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിയമം വരുന്നു. രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കപ്പെടുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നല്‍കി.
‘കേരളാ പ്രിവന്‍ഷന്‍ ഒഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേയ്മെന്റ് ഒഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ്-2019’ എന്ന പേരിലാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്‌റിസഭായോഗം തീരുമാനിച്ചു. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് സമാനമായ കുറ്റമായി കണ്ട് അക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരന്മാരുടെ സ്വത്തിന് സുരക്ഷയും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ നേരിടാനും സഹായിക്കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാല്‍ സ്വകാര്യമുതലുകള്‍ നശിപ്പിക്കുന്നത് തടയാനുള്ള നിയമം ഫലപ്രദമല്ലെന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
സംഘര്‍ഷങ്ങളുടെയും ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശമുണ്ടാക്കിയെന്ന് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. സ്ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കില്‍ പത്തുവര്‍ഷം വരെ തടവും പിഴയുമോ വിധിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വകാര്യസ്വത്തുക്കള്‍ നശിപ്പിച്ച പ്രതികള്‍ക്ക് പ്രോസിക്യൂഷന്റെ ഭാഗംകേട്ടശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ. സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരന്റി നല്‍കിയാലോ കോടതിയില്‍ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടു പ്‌റകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക. കുറ്റം തെളിഞ്ഞാല്‍ സ്വത്തുക്കള്‍ക്കുള്ള നഷ്ടപരിഹാരം റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അക്രമം നടത്തുന്നവരെ ശക്തമായ നിയമത്തിന്റെ ബലത്തില്‍ പിടികൂടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ പ്രതിഷേധത്തിന്റെ അവസാനരൂപമായ ഹര്‍ത്താലുകള്‍ തടയാന്‍ നിയമനിര്‍മ്മാണം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടും മൂന്നും ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് ദ്രോഹകരമായ സമീപനമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊതുസമൂഹത്തിന്.