
കോട്ടയം: ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന് ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു.
ശബരിമലയുടെ പേരില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വര്‍ഷംകൊണ്ട് ഉയര്‍ന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് പറഞ്ഞു. ചില സംഘടനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തുമെന്നു കോട്ടയം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിന്റെ ട്രാഫിക് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തീയറ്ററുകളില്‍ ഒരു സംഘം നോട്ടിസുകള്‍ വിതരണം ചെയ്തു. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടീസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തില്‍ തിയേറ്ററുടമ പൊലീസില്‍ പരാതി നല്‍കി.