ഹര്‍ത്താല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ചിലയിടങ്ങില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനം തടയുകയും ബത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിപ്പോകള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രം നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല. എരുമേലി, പത്തനംതിട്ട, പമ്പ മേഖലകളില്‍ കെഎസ്ആര്‍ടിസി സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
അതേസമയം ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന നാല് കെഎസ്ആര്‍ടിസി ബസുകള്‍ ബത്തേരിയില്‍ കുടുങ്ങി. പൊലീസ് സംരക്ഷണത്തില്‍ ബസുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനം തടയുന്നില്ലെങ്കിലും പൊലീസ് സംരക്ഷണം ഉണ്ടെങ്കില്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.