ഹര്‍ത്താല്‍ അക്രമം: ബിജെപി നേതാവിനെ വിമാനത്താവളത്തില്‍ കുടുക്കി പോലീസ്, തുണയായത് ഫേസ്ബുക്കിലെ ഫോട്ടോ

തൃശൂര്‍: ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിട്ട ബിജെപി നേതാവിനെ പോലീസ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബിജെപി കുന്നംകുളം മേഖല പ്രസിഡന്റ് കാണിപ്പയ്യൂര്‍ കരുമത്തില്‍ വീട്ടില്‍ സനു (ഗണപതി-35) വിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എസ്‌ഐ യുകെ ഷാജഹാന്‍ അറസ്റ്റുചെയ്തത്.

ഹര്‍ത്താലിന്റെ മറവില്‍ കുന്നംകുളം നഗരത്തില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും തകര്‍ക്കുകയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പ്രകോപനമുണ്ടാക്കി അക്രമങ്ങള്‍ നടത്തിയതിനുമാണ് അറസ്റ്റ്.

ഇന്നലെ ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നെടുമ്പാശേരിയില്‍നിന്ന് വിമാനമാര്‍ഗം പോകാനായി സനു എത്തിയത്. നെടുമ്പാശേരിയില്‍ നില്‍ക്കുന്ന ഫോട്ടോ ഫെയ്സ്ബുക്ക് വഴി സാമൂഹികമാധ്യമങ്ങളില്‍ സനുതന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ കുന്നംകുളം പോലീസ് നെടുമ്പാശേരി വിമാനത്താവളം പോലീസിന് അടിയന്തര സന്ദേശം നല്‍കി സനുവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു. രാത്രി കുന്നംകുളം പോലീസ് നെടുമ്പാശേരിയിലെത്തിയാണ് സനുവിനെ കസ്റ്റഡിയിലെടുത്തത്. സനുവിനെ കോടതിയില്‍ ഹാജരാക്കി.

Latest
Widgets Magazine