
തിരുവനന്തപുരം :ഹര്‍ത്താലിനെതിരെ ബില്ലുമായി രംഗത്തു വന്ന മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം കോണ്‍ഗ്രസ് നേരിടേണ്ടി വന്നിരുന്നു. അതിനിടെ പുതിയ വെളിപ്പെടുത്തലുമായി തിരുവനന്തപുരം ഡി.സി.സി പ്രസിഡണ്ട് രംഗത്തു വന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റേയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും എതിര്‍പ്പ് മറികടന്നെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള.ഹര്‍ത്താല്‍ നടത്തുന്നതിനോട് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങില്‍ കരകുളം കൃഷ്ണപിള്ള വിശദമാക്കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണു നേതാക്കള്‍ ഹര്‍ത്താലിനു സമ്മതിച്ചത്.തിരുവനന്തപുരം ഡിസിസി ഓഫിസില്‍ നടന്ന ശശിതരൂരിന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ത്താലില്‍ കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കിയെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പറഞ്ഞു.സ്വാശ്രയ സമരം നടന്നതോടെ സംഘടന ഊര്‍ജസ്വലമായെന്നും കൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.തലസ്ഥാന ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണു അരങ്ങേറിയത്. കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.തുറന്ന കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും എ.ടി.എം കൗണ്ടറുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.
ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഐസക്കിന്‍റെ വാഹനം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ബേക്കറി ജംഗ്ഷനിലായിരുന്നു വാഹനം തടഞ്ഞത്. മന്ത്രിയുടെ കാര്‍ വരുന്നതുകണ്ട യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു.