ഹസൻ ചതിച്ചെന്ന് യൂത്ത് കോൺഗ്രസ്: സ്വാശ്രയ സമരത്തിനിടെ ജനശ്രീ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വാശ്രയ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ, കേരളത്തിലെമ്പാടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ തല്ലുകൊണ്ടു ചോരയൊഴുക്കുന്നതിനിടെ കോൺഗ്രസിന്റെ സംഘടനയായ ജനശ്രീയുടെ പരിപാടിയുടെ ഉദ്ഘാടകനായി എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ പൊതുവേദിയിൽ കരിങ്കൊടികാണിക്കാനും, ലാത്തിച്ചാർജ് ഏറ്റുവാങ്ങാനും തയ്യാറായി തെരുവിൽ നിൽക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊഞ്ഞനംകുത്തി കാട്ടിയാണ് എംഎം ഹസൻ ജനശ്രീയുടെ പരിപാടിയിലേയ്ക്കു പിണറായിയെ ക്ഷണിച്ചെതന്നാണ് ആരോപണം.
കെപിസിസി ഉപാധ്യക്ഷൻ എംഎം ഹസൻ ചെയർമാനായ ജനശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ച നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയതോടെയാണ് പരിപാടി വിവാദമായത്. ജനശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന മതേതരമാർച്ചിന്റെ സമാപനയോഗത്തിലാണ് പിണറായിക്ക് ക്ഷണമുണ്ടായത്. സ്വാശ്രയസമരം നടക്കുന്നതിനിടെ പിണറായിയെ ക്ഷണിച്ച ഹസ്സന്റെ നടപടിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയോഗത്തിൽ കടുത്ത വിമർശനമാണ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന ജന. സെക്രട്ടറി ജോഷി കോടംകണ്ടത്താണ് ഹസ്സനെതിരെ രംഗത്തെത്തിയത്. ഒരുവശത്ത് മുഖ്യമന്ത്രിക്കെതിരേ സമരം ചെയ്യുകയും മറുവശത്ത് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവിന്റെ നേതൃത്വത്തിലുള്ള പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജോഷി യോഗത്തിൽ ചോദിച്ചു. ഇത് ശരിയായ നടപടിയല്ലെന്നും സമരം ചെയ്യുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇതെന്നും ജോഷി പറഞ്ഞു. ജോഷിയുടെ ഈ നിലപാടിനോട് മറ്റ് നേതാക്കളും യോജിച്ചതായാണ് റിപ്പോർട്ടുകൾ.

എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെും യോഗത്തിൽ വിമർശനമുണ്ടായി. സ്വാശ്രയ വിഷയത്തിൽ സർക്കാർ വക്താവായി ഫസൽ ഗഫൂർ രംഗത്ത് വരികയാണെന്ന് സംസ്ഥാന സെക്രട്ടറി സിദ്ദിക്ക് പന്താവൂർ പറഞ്ഞു. ഏറ്റവും വലിയ അഴിമതിക്കാരനായ ഫസൽ ഗഫൂർ പ്രസിഡന്റായ എംഇഎസിന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥി പ്രവേശനത്തിന്റെയും നിയമനത്തിന്റെയും പേരിൽ ലക്ഷങ്ങൾ കൈപ്പറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തെ മഹത്വവത്കരിക്കുകയാണെന്നും സദ്ദിക്ക് കുറ്റപ്പെടുത്തി.

സ്വാശ്രയ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ സമരപരിപടികളുമായി മുന്നോട്ടുപോകാനാണ് യൂത്ത്‌കോൺഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വഴിതടയുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി. ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽനിന്നും യുഡിഎഫ്. പ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫ് ഭരണമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ മന്ത്രിമാരെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നത് തൽക്കാലം ഒഴിവാക്കണമെന്നുള്ള നിർദ്ദേശവും യോഗത്തിൽ വന്നു.

യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളുടെ യുവജന സംഘടനകളുമായി ചേർന്നു സംയുക്തമായി സ്വാശ്രയ സമരം നടത്തുന്നതിനെതിരേയും യോഗത്തിൽ രൂക്ഷവിമർശനമുണ്ടായി. സമരം ആരംഭിച്ചശേഷം അതു മുന്നോട്ടു കൊണ്ടുപോയതും അതിനുവേണ്ടി ഇതുവരെ ചോര നീരാക്കിയതും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ്. അതിന്റെ നേട്ടം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. എന്നാൽ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഇതിനോടു വിയോജിക്കുകയായിരുന്നു. സമരം മുന്നോട്ടു കൊണ്ടുപോകാനും മുന്നണിയുടെ കെട്ടുറപ്പിനും പല വിട്ടുവീഴ്ചകളും മവണ്ടിവരുമെന്ന് യോഗത്തിൽ ഡീൻ പറഞ്ഞു.

Top