എറണാകുളം: വെണ്ണല വിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസ് വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. അഡ്വ. വിജയഭാനുവാണ് പിസി ജോർജിന് വേണ്ടി ഹാജരായത്.
വരുന്ന വ്യാഴാഴ്ച വരെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തു റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് നടപടികൾക്ക് ഈ ഉത്തരവുമായി ബന്ധമുണ്ടായിരിക്കില്ല. ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ഹർജിയിൽ കോടതി നടപടികളുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും കേൾക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് പി.സി. ജോർജ് കോടതിയിൽ ഉയർത്തിയത്. തിരുവനന്തപുരത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പ്രതികാര നടപടിയായാണ് പൊലീസ് വെണ്ണലയിലെ പ്രസംഗത്തിന്റെ പേരിൽ കേസെടുത്തത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിന് അടിസ്ഥാനമെന്നാണ് പി.സി.ജോർജിന്റെ വാദം. വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേട്ടിരുന്നു. വിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണ് കോടതി നടപടി. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം വിചാരണക്കോടതിയിൽ പി.സി. ജോർജ് ഹാജരാകണമെന്ന ആവശ്യമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയത്. പ്രതി ഇതേ കുറ്റം ഇനി ആവർത്തിക്കില്ല എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. കേസ് വ്യാഴാഴ്ചച പരിഗണിക്കുന്നതിനു മാറ്റി വച്ചു കൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
വെണ്ണലയിൽ മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപനത്തിൽ പ്രസംഗിക്കുമ്പോഴാണ് പി.സി. ജോർജിന്റെ വിവാദപ്രസംഗം. ഐപിസി സെക്ഷൻ 153 പ്രകാരമെടുത്ത കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എണാകുളം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പി.സി. ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പി.സി. ജോർജിനെ തേടി എറണാകുളം സിറ്റി പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ പങ്കെടുക്കവെ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചത് വിവാദമായിരുന്നു. ഈ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.