തോക്കുണ്ട്, വേണ്ടിവന്നാൽ വെടിവയ്ക്കും:.തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോര്‍ജ്

മുണ്ടക്കയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. എസ്റ്റേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനിടെയാണ് പി.സി ജോര്‍ജ് തോക്കെടുത്തത്.രണ്ടുദിവസം മുൻപ് 52 വീടുകളിൽ ഒരു വീടിനുനേരെ ആക്രമണം ഉണ്ടായി. ആ കുടുംബങ്ങൾ എല്ലാം തന്റെ വീട്ടിൽ വന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവിടെ സന്ദർശിച്ചത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ എസ്റ്റേറ്റിലെ കുറച്ചു തൊഴിലാളികൾ ഉണ്ടായിരുന്നു. ‘എംഎൽഎ ഗോ ബാക്ക്’ എന്നു പറഞ്ഞു മുദ്രാവാക്യം വിളിച്ചു. പക്ഷേ, പിൻമാറിയില്ല. എന്നെ കുറേ ചീത്തവിളിച്ചു. അതിന്റെ ഇരട്ടി ഞാനും തിരിച്ചുവിളിച്ചു. ശരിയോടൊപ്പം, പാവങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണ് ഞാൻ. ബഹളം തുടർന്നപ്പോഴാണ് തോക്കെടുത്തത്.

എന്റെ കയ്യിൽ തോക്ക് ഉണ്ട്. ലൈസൻസ് ഉള്ള തോക്കാണത്. സ്വയം സംരക്ഷണത്തിന് വേണ്ടി അനുവദിച്ചതാണ്. ഇനിയും കൊണ്ടുനടക്കും. ഇപ്പോഴും എന്റെ വണ്ടിയിൽ ഉണ്ട്. എന്നെ ആക്രമിച്ചാൽ വെടിയും വയ്ക്കും. അതിനാണ് സർക്കാർ ലൈസൻസ് അനുവദിച്ചത്. പ്രശ്നങ്ങൾക്ക് അവസാനം തൊഴിലാളി നേതാക്കൾ എന്നു പറഞ്ഞ് അഞ്ചു പേർ രംഗത്തെത്തി. അവരുമായി കാര്യങ്ങൾ സംസാരിച്ചു. വിശദമായി ചർച്ച നടത്താമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തും–പി.സി. ജോർജ് പറഞ്ഞു.

ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ തോക്ക് ചൂണ്ടിയത് ആത്മരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് പി.സി ജോര്‍ജിന്റെ വിശദീകരണം. താൻ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലർ തന്നെ ആക്രമിക്കാൻ അടുത്തുവന്നു. തുടർന്ന് സ്വയരക്ഷയ്ക്ക് താൻ തോക്കെടുക്കുകയായിരുന്നുവെന്നും പി.സി.ജോർജ് പറഞ്ഞു.

Top