സഭയിലെ ഭൂമി വിവാദം: വൈദികനെ തെറിപറഞ്ഞ് പിസി ജോര്‍ജ്; വൈദികനെതിരെ സ്ത്രീ വിരുദ്ധ ദലിത് വിദുദ്ധ പരാമര്‍ശങ്ങളും

ദലിത് വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പിസി ജോര്‍ജ് ജാതീയ അവഹേളനവും വൈദീക അവഹേളനവും നടത്തിയത്. കത്തോലിക്ക സഭയില്‍ നടക്കുന്ന ഭൂമി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിസി ജോര്‍ജ്. പുലയ സ്ത്രീയില്‍ ജനിച്ച വൈദീകനാണ് പ്രശ്‌നത്തിന് എല്ലാം കാരണമെന്നും അവനെല്ലാം പറഞ്ഞാല്‍ കത്തോലിക്ക സഭയില്‍ ആരെങ്കിലും കേള്‍ക്കുമോ എന്നും അവനെ കത്തോലിക്കക്കാരനെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്.

എറണാകുളം അങ്കമാലി രൂപതയില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഈ വൈദികനാണെന്നതരത്തിലാണ് പിസി ജോര്‍ജ് കാര്യങ്ങള്‍ വിവരിക്കുന്നത്. അങ്കമാലിയിലെ ഏറ്റവും വലിയ കുടുംബത്തിന്റെ പേരാണ് വൈദികന്‍ ഇട്ടിരിക്കുന്നതെന്നും എന്നാല്‍ ഇത്രയും വലിയ കുടുംബത്തിലെ മാന്യന്‍ ചന്തയാകുന്നതെങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് ആ കുടുംബത്തില്‍ വേലക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാണ് എന്ന് മലസിലായതെന്നും എങ്ങനെ ഈ സഭ നന്നാകുമെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

പിസി ജോര്‍ജ് നടത്തിയ ദലിത് വിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. പുലയരെയും സ്ത്രീകളെയും അപമാനിച്ചതിനെതിരയെയാണ് പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. പിസി ജോര്‍ജ് ഇതിന് മുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മനസിലെ ജാതി മനേഭാവമാണ് ഇതിലൂടെയൊക്കെ പുറത്ത് വരുന്നതെന്നും പ്രതിഷേധിക്കുന്നവര്‍ പറയുന്നു

വിവാദമായതോടെ ചാനലിൻ്റെ ഫേസ്ബുക്ക് പേജിൽ എഡിറ്റ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Top