കോഴിക്കോട് :നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. കുട്ടിയുമായി അടുത്ത സമ്പർക്കമുള്ള ഏഴ് പേരുടെ പരിശോധന ഫലം വൈകീട്ടോടെ ലഭിക്കും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്.
ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും പ്രാധാന്യം നൽകി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ചു. ചോദ്യാവലിയുമായി ഭവനസന്ദർശനം നടത്താനും തീരുമാനിച്ചു. കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾക്കുമായും മന്ത്രിമാർ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചിരുന്നു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി.
നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചു. മുക്കം നഗരസഭയിലെ 3 കിലോമീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെന്റ് സോൺ. കൊടിയത്തൂർ പഞ്ചായത്തിലെ 3 കിലോമീറ്റർ പരിധിയിലും കണ്ടെയ്‌ൻമെന്റ് സോൺ. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം.
ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുൻസിപ്പാലിറ്റി, പുത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളുമാണ് കണ്ടയിമെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.
കുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനം ആശ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നൽകും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നൽകും. ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.