നേഴ്‌സിങ് സേവനത്തിൽ രക്തസാക്ഷിയായ ലിനിയെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന എഴുത്ത് …
രാവിലെ പോകുമ്പോൾ പനി ഉണ്ടാരുന്നു എനിക്ക്. പാരസെറ്റമോൾ കഴിച്ചു ഓടി ഡ്യൂട്ടിക്ക്. എത്ര നോക്കിയാലും ലേറ്റ് ആകും. കുഞ്ചു എഴുന്നേറ്റില്ലാരുന്നു. റിതുൽ കുട്ടൻ കയ്യിൽ പിടിച്ചു ഒന്ന് ചിണുങ്ങി പോകണ്ട അമ്മേന്നു പറഞ്ഞു. ഒരുമ്മ കൊടുത്തു ഇറങ്ങി ഓടി. അല്ലേൽ ബസ് വിട്ട് പോകും.
ബസ് ഒരു കണക്കിനാ കിട്ടിയത്. സീറ്റ് ഒന്നും ഇല്ല. കമ്പിയേൽ പിടിച്ചു ഞെരുങ്ങി നിന്നു . എന്തോ ഒരു തളർച്ച ഉണ്ട്. പനിയുടെ ആയിരിക്കും. സജീഷേട്ടൻ ഇന്നലെ വിളിച്ചപ്പോൾ ചോദിച്ചു എന്താ നിന്റെ ഒച്ച മാറിയിരിക്കുന്നേ എന്ന്. ഒന്ന് സൗണ്ട് മാറിയാൽ മൂപ്പർക്ക് മനസ്സിലാകും. പനി ആണേൽ ഇന്ന് ലീവെടുക്കാൻ ആള് പറഞ്ഞതാ. ആൾക്കങ്ങനെ അവിടെ ഇരുന്നു പറയാം. സ്റ്റാഫിന്റെ ഷോർട്ടജ് എത്ര ഉണ്ടെന്നു ഞങ്ങൾക്കല്ലേ അറിയൂ. എത്ര രോഗികളാ വന്നു നിറയുന്നെ? പാവങ്ങൾ. എന്തോരം അസുഖങ്ങളാ? പിന്നെ കരാർ അടിസ്ഥാനത്തിലാണേലും ഈ ജോലി ഉണ്ടല്ലോ. ഇതാകുമ്പോൾ താലൂക്കാശുപത്രി. വീടിന്റെ അടുത്തും. അല്ലേലും സ്വകാര്യ ആശുപത്രിയിൽ പണക്കാരെ ശുശ്രൂഷിച്ചാൽ ബാക്കി ആട്ടും തുപ്പും പരാതിയുമാ. വേലക്കാരോടെന്ന പോലെയാ അവർക്കു ഞങ്ങളോടുള്ള മനോഭാവം. ഇവിടെ ആകുമ്പോൾ അസുഖം ഒക്കെ മാറി പോകുമ്പോൾ അവര് കയ്യിൽ പിടിച്ചു ഒരു നോട്ടമുണ്ട്. സ്നേഹവും പ്രാർത്ഥനയും കടപ്പാടും എല്ലാം ചേർന്നൊരു നോട്ടം. അത് മതിയല്ലോ. പിന്നെ എങ്ങനെയാ ലീവ് എടുക്കാൻ തോന്നുക?
സജീഷേട്ടനോട് നിർത്തി പോരാൻ കുറെ ആയി പറയുന്നു. വരണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ആൾക്കും ഉണ്ട്. പക്ഷെ കടങ്ങൾ ഒക്കെ ഒന്ന് തീരണ്ടേ. എന്നെ കെട്ടിയപ്പോൾ എന്റെ കടങ്ങൾ കൂടി ആളുടെ തലയിൽ ആയി. ലോൺ ഒക്കെ എടുത്താ അന്ന് നഴ്സിംഗ് പഠിച്ചത്. നാട്ടിൽ കിട്ടുന്ന ഈ ചെറിയ ശമ്പളം കൊണ്ട് എന്താകാനാ? തൊഴിലുറപ്പിനു പോകുന്നതാ ഇതിലും മെച്ചം എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും . സമരം ചെയ്താൽ പിന്നെ മാനേജ്‌മന്റ് അതിന്റെ വിരോധം കാണിക്കും. കാര്യം മാലാഖയെന്നും ദേവതയെന്നും ഒക്കെ എഴുതും പലരും. പക്ഷേ കൂലി ചോദിച്ചാൽ പൂതനയെ നോക്കുന്ന പോലെ നോക്കും.
‘ആശൂത്രി… ആശൂത്രി ‘. കിളി ആണ്. ഒത്തിരി പേര് ഇറങ്ങാനുണ്ടായിരുന്നു. പെട്ടെന്ന് ഇറങ്ങി. ചേഞ്ച് റൂമിൽ ചെന്ന് യൂണിഫോം ഇട്ടു ഇറങ്ങിയപ്പോളേ കണ്ടു ഓ പി യിലെ നീണ്ട വരി. എൻഡോഴ്‌സ്‌മെന്റ് എടുത്തു. തളർച്ച നന്നായി കൂടിയിട്ടുണ്ട്.
വാർഡിൽ കൂടി ഒരു ഓട്ടപ്രദക്ഷിണം. രണ്ടു ദിവസമായി വാർഡിന്റെ മൂലയ്ക്ക് കിടന്ന ആ ചെറുപ്പക്കാരനെ നോക്കി. പനി ആയിട്ടു വന്നതാ. എന്തൊക്കെ മരുന്ന് കൊടുത്തിട്ടും മാറുന്നില്ലായിരുന്നു. ഞാൻ തന്നെയാണ് നോക്കിയത്. ഇന്നലെ പോകാറായപ്പോഴേക്കും ആൾക്ക് ബോധം ഒക്കെ മറഞ്ഞിരുന്നു. വൈറൽ പനി തന്നെ ആണ്.
നോക്കിയപ്പോൾ കണ്ടില്ല. ലീലാമ്മ സിസ്റ്ററിനോട് ചോദിച്ചപ്പോൾ പറഞ്ഞു. ‘ആ.. ലിനി. ആ പയ്യന് നന്നായി കൂടി. ഡോക്ടർ അവനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. സാംപിൾസ് ഒക്കെ എടുത്തു പുറത്തോട്ടു വിട്ടിട്ടുണ്ട്. ഇച്ചിരി സീരിയസ് ആണ് ‘.
ഡ്രിപ് മാറ്റലും മരുന്ന് കൊടുക്കലും ഒക്കെ ആയി സമയം പറന്നു പോയി. ഇടയ്ക്കു ഒരു ചായ കുടിക്കണം എന്ന് പലവട്ടം ഓർത്തെങ്കിലും സമയം കിട്ടിയില്ല. അല്ലേലും ഡ്യൂട്ടിയിൽ കേറിയാൽ പിന്നെ കുടിയും തീറ്റയും ഒക്കെ കണക്കാ.
നാരായണേട്ടൻ ഇടയ്ക്കു ഒരു മിന്നായം പോലെ ഓടുന്നത് കണ്ടു. ഐസൊലേഷൻ വാർഡിലേക്കാണ്. അത് പോലെ ഇറങ്ങി വന്നു. ‘ലിനി സിസ്റ്റർ ‘. ഉറക്കെയാണ് വിളി. ഓടി ചെന്നു. തിരിഞ്ഞു നടന്ന നാരായണേട്ടന്റെ പുറകെ ഞാനും ഓടി.
വാർഡിലേക്ക് കേറുന്നതിനു മുന്നേ ഗ്ലൗസും മാസ്കും ഒക്കെ ധരിക്കണം. പ്രൊട്ടക്റ്റീവ് ഗൗൺസ് ഒന്നും കണ്ടില്ല. മന്ത്രിയുടെ ഭർത്താവിന് കണ്ണട മേടിക്കാൻ ഒക്കെ അല്ലെ ഈ നാട്ടിൽ ഫണ്ട് ഉണ്ടാകൂ. മാസ്കും ഗ്ലൗസും ഉണ്ട്. ഭാഗ്യം.
‘ ലിനി ‘. ഡോക്ടർ പതിവില്ലാത്ത ഗൗരവത്തിൽ ആണ്. ‘ഇയാളല്ലേ ഈ പയ്യനെ രണ്ട് ദിവസമായി നോക്കുന്നത്? ‘
തലയാട്ടി. ‘Ok. You just carry on. At this stage no more scope with him’. ഒന്ന് നിർത്തി ഡോക്ടർ. ‘ഏതായാലും സിസ്റ്റർ ആവശ്യമായ പ്രീ കോഷൻ എടുക്കുക. I am waiting for some results’.
പുറകിൽ വാതിൽ ചേർത്തടഞ്ഞ ഒച്ച. അവർ പോയി കഴിഞ്ഞു. എന്തോ എനിക്കാ പയ്യന്റെ അമ്മയുടെ മുഖമാണ് ഓർമ്മ വന്നത്. എന്റെ അമ്മയുടെ അതെ പ്രായം കാണും. ഒറ്റ മകനാണിവൻ. പെട്ടെന്ന് വലിയൊരു കരച്ചിൽ കേറി നെഞ്ചിലേക്ക് വന്നു. പൊട്ടാനാവാതെ.
……..
എവിടെ ആണ് ഞാൻ. വലിയൊരു ഉറക്കത്തിൽ നിന്നും ഉണർന്നത് പോലെ ആണ് തോന്നിയത്. എഴുന്നേൽക്കാനാവാത്ത വണ്ണം തളർന്നു പോയിരിക്കുന്നു. കാഴ്ചക്ക് മീതെ ഒരു മൂടുപടം.
‘ ലിനി സിസ്റ്റർ ഉണർന്നു ‘ അശരീരി പോലെ ഒരു ഒച്ച. പാട് പെട്ട് കണ്ണ് തുറക്കാൻ ഒരു ശ്രമം. നിഴലുകൾ ചലിക്കുന്നു.
നാരായണേട്ടൻ ആണ്. അന്യഗ്രഹ ജീവിയെപോലെ തോന്നി. കയ്യുറയും മാസ്കും ഗൗണും. തല കവർ ചെയ്തിരിക്കുന്നു.
എന്റെ മുഖ ഭാവം മനസ്സിലായോ ആവൊ?
‘ മോളെ… ‘ ആ വിളി കേട്ടപ്പോൾ മരിച്ചു പോയ അച്ഛനെ ആണ് ഓർമ്മ വന്നത്.
‘മോളെ ‘ വളരെ വിഷമിച്ചാണ് ഒച്ച പുറത്തു വരുന്നതെന്ന് തോന്നി. ഞാൻ കാതോർത്തു.
‘ ആ പയ്യൻ മരിച്ചു.രണ്ടു ദിവസം ആയി. വൈറൽ പനി ആരുന്നു. കേരളത്തിൽ ആദ്യമാണത്രെ..ഈ പനി വന്നാൽ പിന്നെ രക്ഷപെടൽ ഇല്ലാന്നാ കേൾക്കണേ. ആ പയ്യന്റെ ബോഡി പോലും വീട്ടുകാർക്കൊന്നു കാണാൻ കൂടി കൊടുത്തില്ല. കത്തിച്ചു കളഞ്ഞു’.
ഒന്ന് കൂടി നിർത്തി നാരായണേട്ടൻ ‘മോളിവിടെ കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം ആയി. ഡ്യൂട്ടിക്കിടയിൽ ഒരു ബോധക്ഷയം വന്നതാ ‘.
ഈശ്വരാ രണ്ടു ദിവസം!! എന്റെ മക്കളെവിടെ?
‘മോളുടെ ഭർത്താവു വന്നിട്ടുണ്ട്. മക്കളുടെ കാര്യം പേടിക്കണ്ട ‘. എന്റെ മനസ്സറിഞ്ഞാവണം നാരായണേട്ടൻ തുടർന്നു. ‘പുറത്തുണ്ട് ആള്. പക്ഷെ കാണാൻ അനുവാദം ആർക്കുമില്ല. ആ പയ്യന്റെ പനി മോൾക്ക് പടർന്നു എന്നാ ഡോക്ടർ പറഞ്ഞത് ‘.
ഏതോ മലയിടുക്കുകളിൽ കൂടി ചിന്നി ചിതറി വരുന്ന ശബ്ദം പോലെ തോന്നി അപ്പോൾ നാരായണേട്ടന്റെ ശബ്ദം.
ഐ സി യു വിന്റെ വാതിൽക്കലേക്കു എന്റെ നോട്ടം നീണ്ടു. മനസ്സിലായിട്ടാകണം കാഴ്ച മറച്ച കർട്ടൻ നാരായണേട്ടൻ മാറ്റി തന്നു.
കിളിവാതിൽ അടഞ്ഞു കിടക്കുന്നു നിഴലായി നിശ്ചലം നിൽക്കുന്നത് എന്റെ സജീഷേട്ടൻ ആണ്
വിൻഡോവിൽ നെറ്റി ചേർത്ത് ഓരോ നിശ്വാസവും പ്രാർത്ഥന ആക്കുന്നത് എന്റെ എല്ലാമെല്ലാമാണ്. ഇടയ്ക്കിടെ ഞെട്ടി വിറക്കുന്നതു എന്നെ ഓർത്താണ്….. ഈശ്വരാ..
ഒരു ചെറിയ ജലദോഷം വന്നു എന്നറിഞ്ഞാൽ പോലും നൂറു വട്ടം വിളിക്കുന്ന ആളിതെങ്ങനെ സഹിക്കും. ഓടി ഇറങ്ങി ചെന്നു ‘എനിക്കൊന്നുമില്ല സജീഷേട്ടാ’ എന്ന് പറഞ്ഞു കെട്ടിപിടിച്ചാലോ !!!
നാരായണേട്ടൻ ദയനീയമായി നോക്കുന്നു. ഞാൻ ഒരു വാക്കു പറഞ്ഞാൽ ആ വാതിൽ തുറക്കും എന്നും സജീഷേട്ടനെ അകത്തു കയറ്റും എന്നും എനിക്കറിയാം. ആ നെഞ്ചിൽ മുഖം പൂഴ്ത്തിയാൽ മാറുന്ന അസുഖങ്ങളെ എനിക്കുള്ളൂ. ഒന്ന് പറഞ്ഞാലോ?
വേണ്ട. ഈ നശിച്ച അണുക്കൾ എന്നെയും കൊണ്ട് പോകട്ടെ. എന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛൻ എങ്കിലും വേണം. അവരെങ്കിലും..
റിതുൽ കുട്ടൻ അമ്മ വരുന്നതും നോക്കി വാതിൽക്കൽ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരം ആയി കാണും. കുഞ്ചു ഫോണിൽ കളി ആയിരിക്കും.
അച്ഛന്റെ കൂടെ ഗൾഫിൽ പോകണം എന്നും ഏതാണ്ട് ഏതാണ്ടൊക്കെയോ വാങ്ങണം എന്ന് കുഞ്ചുവിനാരുന്നു ആഗ്രഹം മൊത്തം.
സജീഷേട്ടാ… മതി.ചിന്തകൾ പോലും മാഞ്ഞു പോകുന്നു. മഞ്ഞു പോലെ. നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ പാതി വഴിയിൽ മുറിയുന്നു. പറയാനുള്ളതൊന്നും പറഞ്ഞു കഴിഞ്ഞില്ലല്ലോ ഏട്ടാ. ..
നാരായണേട്ടൻ നോക്കി നിൽക്കുന്നു. ആ കണ്ണ് ഇങ്ങനെ കലങ്ങി കണ്ടിട്ടില്ലാലോ !!
കൈ ഉയർത്തി ആംഗ്യം കാണിച്ചത് മനസ്സിലായി എന്ന് തോന്നുന്നു. പേപ്പറും പേനയും അരികിൽ ചേർത്ത് വെച്ച് പതുക്കെ എഴുന്നേൽപ്പിച്ചു.
വിറയ്ക്കുന്ന വിരലുകളെ അടക്കുന്നതിനേക്കാൾ വിഷമം വിങ്ങുന്ന മനസ്സിനെ അടക്കാനാണ്.
പതുക്കെ എഴുതി.
‘സജീഷേട്ടാ I am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. Sorry . നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെ ഒന്ന് ഗൾഫിൽ കൊണ്ട് പോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്. Please… ‘
കടപ്പാട്