മുല്ലപ്പള്ളി രാമചന്ദ്രൻ ‘നിപയുടെ സമയത്ത് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല- ലിനി മരിച്ചപ്പോൾ ഫോണിൽ പോലും വിളിച്ചില്ല.ലിനി മരിച്ചപ്പോൾ കൂടെയുണ്ടായത് ശൈലജ ടീച്ചർ’-മാത്രം- നഴ്സ് ലിനിയുടെ ഭര്‍ത്താവ്.

കോഴിക്കോട്: നിപയുടെ സമയത്ത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്നത്തെ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനെന്ന് നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. ‘നിപ ബാധിച്ച്‌ എന്റെ ലിനി എന്നെന്നേക്കുമായി കണ്ണടച്ചപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക്‌ ഒരമ്മ കയറി വന്നു. അമ്മ നഷ്ടമായ എന്റെ മക്കളെ അവർ മാറോട്‌ ചേർത്തു. മന്ത്രി കെ കെ ശൈലജയായിരുന്നു അന്ന്‌ കുന്നും മലയും കയറി ചെമ്പനോടയിലെ പുതുശേരി വീട്ടിലെത്തിയത്‌. അവരുടെ വാക്കുകൾ എനിക്കും മക്കൾക്കും നൽകിയ ആത്മവിശ്വാസം വലുതാണ്‌’. പറയുന്നത്‌ ലിനിയുടെ ഭർത്താവ്‌ സജീഷ്‌.

‘ഇങ്ങനെയുള്ള ഒരു മന്ത്രിയെ കുറിച്ച്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്‌ കേട്ടപ്പോൾ ഉള്ളുരുകിപ്പോയി. ലിനിയുടെ മരണസമയത്ത്‌ ആശ്വാസ വാക്കുകളുമായി ലോകമലയാളികളാകെ ഒപ്പം നിന്നപ്പോൾ‌ ഫോണിൽ വിളിച്ച്‌ പോലും മുല്ലപ്പള്ളി വിവരമന്വേഷിച്ചിട്ടില്ല. മക്കളായ റിതുലിനും സിദ്ധാർഥിനും ശൈലജ ടീച്ചർ അമ്മയെ പോലെയാണ്‌’–- മന്ത്രി ശൈലജയെ മുല്ലപ്പള്ളി അധിക്ഷേപിച്ചതിലുള്ള സങ്കടവും വേദനയും ഉള്ളിലൊതുക്കാതെ സജീഷ്‌ തുറന്നു ‌പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണ്. മുല്ലപ്പള്ളിയുടെ പ്രസ്താവന നീചവും വേദനിപ്പിക്കുന്നതുമാണ്. ടീച്ചറുടെ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നു.പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. ഇതിനു മറുപടിയാണു സജീഷിന്റെ കുറിപ്പ്. നിപ റാണിയാകാനും കോവിഡ് രാജകുമാരിയാകാനുമാണ് ടീച്ചര്‍ ശ്രമിക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നു. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.

സജീഷിട്ട കുറിപ്പ്:

”നിപയുടെ കാലത്ത്‌ ലിനിയുമായി ബന്ധപ്പെട്ട ഓർമ്മയിൽ നിന്നും ചിലത്‌ ചികഞ്ഞെടുത്തപ്പോൾ പക്ഷെ, ഇപ്പോൾ വിവാദങ്ങൾക്ക്‌ കാരണമായ ചിലരുടെ മുഖങ്ങൾ അതിന്റെ പരിസരത്ത്‌ പോലും ഉണ്ടായിരുന്നില്ല. എന്നാൽ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര്‌ വിപരീതമായി പരാമർശിക്കപ്പെട്ടപ്പോൾ വളരെ പ്രയാസം തോന്നുകയും ചെയ്‌തു. കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിവരുടെ കൂട്ടത്തിൽ ഒന്നും ഞാൻ ജീവിക്കുന്ന, അന്ന് വടകര പാർലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രൻ സർ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ്‌ റോളിൽ പോലും! നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക്‌ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു എംപി എന്ന നിലയിൽ ഉണ്ടായിട്ടില്ല.


ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ പേരാംബ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ സാരഥികളും ഇവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ അതുപോലെ പേരാംബ്രയുടെ പ്രിയപ്പെട്ട മന്ത്രി ശ്രീ. ടി.പി. രാമകൃഷണൻ സർ, അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട സമയത്ത്‌ കൂടെ ഉണ്ടായിരുന്നവരെ മറക്കാൻ കഴിയില്ല. ഒപ്പം ഉണ്ടെന്ന് വെറും വാക്ക്‌ പറയുക ആയിരുന്നില്ല ശൈലജ ടീച്ചർ. ദുരിത സമയത്ത്‌ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. തുടർന്ന് അവസരം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ എന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരിക്കുന്നു. ഒടുവിൽ ഈ കഴിഞ്ഞ മെയ്‌ 21 ലിനിയുടെ ഓർമ്മദിനത്തിലും മറക്കാതെ ടീച്ചർ വിളിച്ചിരുന്നു.

ഇങ്ങനെ ഒക്കെ, പ്രതിസന്ധികളിൽ തളർന്നു വീണവരുടെ കുടുംബത്തെയും, അതിജീവിച്ചവരെയും ചേർത്ത്‌ നിർത്തിയും ടീച്ചർ സഹജീവി സ്നേഹത്തിന്റെ ജീവിക്കുന്ന ചിത്രമാണ്‌ വരച്ചുകാട്ടിയത്‌.ഇപ്പോൾ ഉളള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മയിൽ നിന്നും മായാത്ത ദിനങ്ങളിലെ അനുഭവങ്ങൾ ഓർത്തു പോയെന്ന് മാത്രം”.

Top