അങ്കത്തിനിറങ്ങി കോണ്‍ഗ്രസ്: രാഹുല്‍ ഇഫക്ടില്‍ എല്ലാ സീറ്റും പിടിക്കും

തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. അതിന്റെ അലയൊലികള്‍ ഇങ്ങ് കേരളത്തിലും എത്തിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസും നേതൃത്വവും. രാഹുല്‍ ഗാന്ധിയെ കേരളത്തിലെത്തിക്കുന്നത് മുതല്‍ പ്ലാനിംഗുകള്‍ നടപ്പിലാക്കുകയാണ് കേരളത്തിലെ നേതാക്കള്‍. നഷ്ടപ്പെട്ട എല്ലാ സീറ്റും തിരികെ പിടിക്കണം എന്ന് മാത്രമല്ല, പുതിയതായി സീറ്റുകളും പിടിക്കാനാണ് ഉന്നം.
എല്ലാ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ധാരണയായെന്ന് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എംഎല്‍എമാര്‍, താരങ്ങള്‍ എന്നിവരെല്ലാം ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ വരവോടെ സജീവ പ്രചാരണത്തിന് കോണ്‍ഗ്രസ് കളത്തിലിറങ്ങും. കേരളത്തില്‍ നടന്ന സര്‍വ്വെകളും ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ടിഎന്‍ പ്രതാപന്‍, കെ ബാബു, പിസി ചാക്കോ, കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് പുറമെ ഫുട്ബോള്‍ താരം ഐഎം വിജയനും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അദ്ദേഹം പിന്‍മാറിയാന്‍ ഡീന്‍ കുര്യാക്കോസിനെ വീണ്ടും രംഗത്തിറക്കിയേക്കും.
കഴിഞ്ഞ തവണ തോറ്റ എട്ട് മണ്ഡലങ്ങളിലും ഇത്തവണ വിജയിക്കണമെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. സിപിഎം കോട്ടകളിലും ഇളക്കം തട്ടിക്കാനാണ് ശ്രമം. സ്ഥാനാര്‍ഥി നിര്‍ണയം സമുദായ സമവാക്യങ്ങള്‍ കൂടി പരിശോധിച്ചായിരിക്കും. നാല് മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. തൃശൂര്‍, ചാലക്കുടി, ഇടുക്കി, കണ്ണൂര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഇത്തവണ വിജയ പ്രതീക്ഷയുണ്ട്. തൃശൂരിലും ചാലക്കുടിയിലും ശക്തരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും. ടിഎന്‍ പ്രതാപന്‍, പിസി ചാക്കോ എന്നിവര്‍ക്കാണ് തൃശൂരില്‍ സാധ്യത കല്‍പ്പിക്കുന്നത്.
കോന്നി എംഎല്‍എ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മല്‍സരിപ്പിക്കുമെന്നാണ് വിവരം. ഈഴവ സമുദായ സ്വാധീനം പരിഗണിച്ചാണിത്. ആറ്റിങ്ങലില്‍ എ സമ്പത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഇടയില്ല. രണ്ടുതവണ മല്‍സരിച്ച സാഹചര്യത്തിലാണിത്. ഒരുപക്ഷേ, ഇദ്ദേഹത്തിന്റെ കാര്യത്തില്‍ സിപിഎം ഇളവ് വരുത്തുമെന്നും സൂചനയുണ്ട്. ആലത്തൂരില്‍ ഐഎം വിജയനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. വിജയനുമായി ചര്‍ച്ച നടന്നുവെന്ന് നേതാക്കള്‍ പറയുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയെ വച്ച് ശക്തമായ പോരാട്ടത്തിനും കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ട്. ഇവിടെ രാജേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി നയത്തില്‍ ഇളവുകള്‍ വരുത്തി വീണ്ടും സിപിഎം മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാലക്കുടിയില്‍ വിഎം സുധീരന്‍, കെ ബാബു എന്നിവരാണ് പട്ടികയിലുള്ളത്. ഉമ്മന്‍ ചാണ്ടി മല്‍സരിക്കുകയാണെങ്കില്‍ അത് ഇടുക്കിയിലാകും. അദ്ദേഹം തയ്യാറായില്ലെങ്കില്‍ ഇവിടെ മുന്‍ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ തന്നെ മല്‍സരിപ്പിക്കാനാണ് സാധ്യത. കണ്ണൂരില്‍ കെ സുധാകരന്‍ തന്നെയാകും.കാസര്‍ക്കോട് കഴിഞ്ഞ തവണ 7000ത്തോളം വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്‍ ജയിച്ചത്. ഇത്തവണ കരുണാകരന്‍ മല്‍സരിക്കുന്നില്ല. പൊതുസമ്മതരെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഈ മണ്ഡലത്തില്‍ ബിജെപിയും ശക്തമായ മല്‍സരത്തിന് ഒരുങ്ങുന്നുണ്ട്.

Top