നേഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പഠനചെലവിനായി 10 ലക്ഷം വീതം ; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ടു മക്കൾക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിൽ ജോലി ചെയ്യാൻ തയാറായാൽ സർക്കാർ സർവീസിൽ നിയമനം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് പ്രഖ്യാപിച്ചത്.

മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.അഞ്ചു വയസ്സുള്ള ഋത്വികും രണ്ടു വയസ്സുകാരന്‍ സിദ്ധാര്‍ത്ഥുമാണ് ലിനിയുടെ മക്കള്‍. ലിനിയുടെ രണ്ടു മക്കളുടെ പഠനത്തിനായി ഒരാള്‍ക്ക് പത്തുലക്ഷം വീതമാണ് സഹായം നല്‍കുന്നത്. ഇതില്‍ അഞ്ചുലക്ഷം വീതം സ്ഥിരനിക്ഷേപമാക്കാനും ബാക്കി അഞ്ചു ലക്ഷം വീതം പലിശ കിട്ടുന്ന രീതിയിലുമാണ് നല്‍കുന്നത്. വിദേശത്ത് അക്കൗണ്ടന്റായി ജോലി നോക്കുന്ന നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. ലിനിയുടെ ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലുണ്ട്. കഴിഞ്ഞ ദിവസമാണ് ലിനി നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. പേരാമ്പ്രയില്‍ അസുഖ ബാധിതരായി മരിച്ചവരെ ചികിത്സിച്ച ലിനിയ്ക്കും രോഗം ബാധിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഇവരുടെ മൃതദേഹം വീട്ടുകാര്‍ക്ക് ചടങ്ങു പ്രകാരം സംസ്‌ക്കരിക്കാന്‍ നല്‍കാതെ ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സഹപ്രവത്തകര്‍ തന്നെ ദഹിപ്പിക്കുകയായിരുന്നു. രോഗം പടരാതിരിക്കുന്നതിനുള്ള സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ ലിനിയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു. മന്ത്രിസഭായോഗം പ്രധാനമായും ചര്‍ച്ച ചെയ്തത് നിപാ വൈറസും അതിന്റെ നിയന്ത്രണവുമായിരുന്നു. നിപാ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നും വിലയിരുത്തി.

Top