ഭോപ്പാല്‍: റയില്‍ വേ ട്രാക്കിനടുത്ത് മരിച്ചു കിടക്കുന്ന അമ്മയുടെ മുലകുടിക്കുന്ന കുഞ്ഞ്. ആരുടെയും ഹൃദയം നുറുങ്ങുന്ന കാഴ്ച്ച! മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഡമായില്‍ റെയില്‍വേ ട്രാക്കിനടുത്ത് നിന്നാണ് നാട്ടുകാര്‍ ആ ദൃശ്യം കണ്ടത്.
റെയില്‍വേ ട്രാക്കിന് സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടെത്തിയത്. മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കൈയിലെ ബിസ്‌കറ്റ് നുണയുന്നുമുണ്ടായിരുന്നു കുട്ടി.
ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാഴ്ചക്കാരില്‍ ചിലര്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു.
സ്ത്രീ ട്രെയിനില്‍ നിന്ന് വീണതോ, ട്രെയിന്‍ തട്ടി മരിച്ചതോ ആകാം എന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. തലയിടിച്ച് വീണത് മൂലമുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളുകള്‍ കണ്ടെത്തും മുമ്പുതന്നെ സ്ത്രീ മരിച്ചിരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.
കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. പരിക്കേറ്റെങ്കിലും അവര്‍ക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു.
അമ്മയില്‍ നിന്ന് വേര്‍പെടുത്തിയതോടെ കുട്ടി ബഹളം വെച്ചു. പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും പരിസരത്തുനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു.