സംസ്ഥാനത്ത് ഇനിയും ചൂട് കൂടും, ഇന്നും നാളെയും ജാഗ്രത, കോഴിക്കോട് ഉഷ്ണതരംഗം ഉണ്ടാകും: നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കും.ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പല ഭാഗങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, തുശുര്‍, മലപ്പുറം ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ജനങ്ങള്‍ ജാഗ്കത പാലിക്കണം. ചൂട് മൂലം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.

പകല്‍ 11 മുതല്‍ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍, പ്രത്യേകിച്ച് നഗരമേഖകളില്‍ ആളുകള്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ശുദ്ധമായ വെള്ളം ധാരാളമായി കുടിക്കേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണെന്നും അറിയിപ്പില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

*2020 മാര്‍ച്ച് 18, 19 തീയതികളില്‍ കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതീവ ഗൗരവത്തോട് കൂടി വേണം ഈ മുന്നറിയിപ്പിനെ കാണാന്‍.*

കോഴിക്കോട് ജില്ലയിലാകെ നിലവില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും (കെട്ടിട നിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ട്രാഫിക്ക് പോലീസ്, ഹോം ഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, തെരുവോര കച്ചവടക്കാര്‍, ബൈക്ക് യാത്രികര്‍, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികള്‍, ചെത്ത് തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, തുടങ്ങിയ വിഭാഗങ്ങള്‍) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യേണ്ടതാണ്.

പകല്‍ 11 മുതല്‍ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍, പ്രത്യേകിച്ച് നഗരമേഖകളില്‍ ആളുകള്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.

ശുദ്ധമായ വെള്ളം ധാരാളമായി കുടിക്കേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്.

കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകളെടുത്ത് വിശ്രമത്തോട് കൂടി മാത്രം ജോലിയില്‍ ഏര്‍പ്പെടേണ്ടതാണ്.

പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങള്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടുള്ളതല്ല.

പുറം വാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ട്രാഫിക്ക് പോലീസ്, ഹോം ഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, തെരുവോര കച്ചവടക്കാര്‍, ബൈക്ക് യാത്രികര്‍, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ അതീവ ജാഗ്രത പാലിക്കണം. കൂടുതല്‍ സമയം ചൂട് ശരീരത്തില്‍ ഏല്‍ക്കുന്ന സാഹചര്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം.

സൂര്യഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ആരേയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.

*ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവില്‍ കേരളത്തില്‍ എല്ലായിടത്തും ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Top