അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം : കൊറോണ മൂലം വലയുന്ന ജനങ്ങൾക്ക് മഴ ദുരിതവും വരുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുതായി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം നാളെ തന്നെ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 60 മുതല്‍ 70 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള തീരത്ത് ഇരട്ട ന്യൂനമര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്തെ മത്സ്യബന്ധനം നിരോധിച്ചിരിക്കയാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top