വീണ്ടും മഴ; ഒരു രാത്രികൊണ്ട് പമ്പ നിറഞ്ഞു; മീനച്ചിലാര്‍ കരകവിഞ്ഞു; മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വീണ്ടും മഴ. മലപ്പുറം കവളപ്പാറയിൽ പുലർച്ചെ മുതൽ വീണ്ടും മഴ തുടങ്ങി. നിലവിലെ സാഹചര്യം തെരച്ചിലിന് തടസ്സമാകുമെന്ന് രക്ഷാപ്രവര്‍ത്തകരുടെ ആശങ്ക. 36 പേരെയാണ് ഇവിടെ നിന്നും ഇനിയും കണ്ടെത്താനുള്ളത്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട റാന്നിയിൽ ഒരു രാത്രി കൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. ഇന്നലെ വൈകുന്നേരം 5നു തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയർന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയിൽ ഇപ്പോഴും മഴ തുടരുകയാണ്.

കഴിഞ്ഞ വർഷം ഈ സമയം തോടുകളിലും പുഴയിലും ഇതേ ജലനിരപ്പായിരുന്നു. 13ന് രാത്രി 11 മണിയോടെയാണ് റാന്നി പ്രദേശം വെള്ളത്തില്‍ മുങ്ങിയത്. കക്കി ഡാമിൽ ജലനിരപ്പ് 961.34 മീറ്ററായി. 981.46 മീറ്ററാണ് സംഭരണ ശേഷി. പമ്പാ ഡാമിൽ സംഭരണ ശേഷിയുടെ 50.56% വെള്ളമുണ്ട്. മൂഴിയാറിൽ 46.36% വെള്ളമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു. എ.സി റോഡില്‍ ഇന്നും ഗതാഗതം തടസ്സപ്പെടും ഇവിടെയും വെള്ളം ഇറങ്ങിയിട്ടില്ല.

മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മലപ്പുറത്തും കോഴിക്കോടുമായി രണ്ടു ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ രാത്രി ശക്തമായ മഴ തുടർന്നതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ സംഭരണ ശേഷിയുടെ നാല്‍പത് ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. 142 അടിയാണ് അണക്കെട്ടിന്‍റെ പൂര്‍ണ സംഭരണ ശേഷി. ജില്ലയിലെ പ്രധാനപ്പെട്ട ചെറിയ ഡാമുകള്‍ തുറന്നിട്ടുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇന്ന് ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ നിരീ7ണ കേന്ദ്രത്തിന്‍റെ നിരീക്ഷണം. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം ജില്ലയില്‍ ബുധനാഴ്ചയും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top