സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒന്നിച്ച് താമസിക്കാന്‍ യുവതികള്‍ക്ക് അനുമതി നല്‍കി കേരള ഹൈക്കോടതി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
തന്നോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ച തിരുവനന്തപുരം സ്വദേശിയായ യുവതിയെ വീട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണൊയിരുന്നു കൊല്ലം സ്വദേശിനിയായ 40 കാരിയുടെ ഹര്‍ജി. ഒന്നിച്ചു താമസിക്കാന്‍ അനുമതി തേടിയ യുവതികള്‍ക്ക് ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇരുവരുടെയും വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. തിരുവനന്തപുരത്തുളള യുവതിയുമായി അടുപ്പത്തിലാണെന്നും വേര്‍പിരിയാനാവില്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. രണ്ടു സ്ത്രീകള്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും ഇവര്‍ ബോധിപ്പിച്ചു.
വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഹര്‍ജിക്കാരി യുവതിയുമായി അടുപ്പത്തിലാകുകയും ഇരുവരും ഒന്നിച്ച് താമസിക്കാനായി ആഗസ്തില്‍ കൊല്ലത്തെത്തുകയുമായിരുന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന യുവതിയുടെ അമ്മയുടെ പരാതിയില്‍ തെയ്യാറ്റിന്‍കര കോടതിയില്‍ ഇരുവരും ഹാജരായിരുന്നു.
ഇരുവരുടെയും ഇഷ്ടത്തിനനുസരിച്ച് പോകാമെന്ന് കോടതി വ്യക്തമാക്കിയെങ്കിലും യുവതിയെ വീട്ടുകാര്‍ ബലമായി കൊണ്ടുപോകുകയും മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയുടെ ജീവന് ഭീഷണിയുണ്ടെന്നും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയായികൊണ്ടിരിക്കുകയാണെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
പൊലീസ് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹാജരാക്കിയ യുവതിയും ഹര്‍ജിക്കാരിക്കൊപ്പം പോകണമെന്ന അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.