കൊച്ചി: ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി വിന്‍സണ്‍ എം. പോളിന്റെ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷനിലേക്ക് അപേക്ഷകനായിരുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ എംഡി എസ്. സോമനാഥന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്.
ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെയും കമ്മിഷന്‍ അംഗങ്ങളുടെയും നിയമനത്തിനു നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അപേക്ഷകരുടെ മികവു ശരിയായി വിലയിരുത്തിയിട്ടില്ല. രാഷ്ട്രീയ പരിഗണനയില്‍ തോന്നിയപ്രകാരം വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. സിലക്ഷന്‍ കമ്മിറ്റി നടപടികളുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും ഹര്‍ജിഭാഗം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചാല്‍ വിന്‍സണ്‍ എം പോളിന്റെ നിയമനം ഉള്‍പ്പെടെ റദ്ദാക്കും. രാഷ്ട്രീയ പരിഗണനകളുമായി കമ്മീഷണര്‍മാരായവര്‍ക്കും പണി കിട്ടും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിവരാവകാശ കമ്മീഷണര്‍മാര്‍ക്കായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മാര്‍ഗ്ഗ രേഖയും നല്‍കി. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് അംഗങ്ങളെ ശുപാര്‍ശ ചെയ്തതെന്നാണ് പരാതി.
പതിപക്ഷനേതാവ് അടക്കമുള്ളവരുടെ അതിശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ വിവരാവകാശ കമ്മിഷന്‍ അംഗങ്ങളെ രാഷ്ട്രീയ വീതംവയ്പിലൂടെതന്നെ നിശ്ചയിച്ചതാണ് കാര്യങ്ങള്‍ കോടതിയില്‍ എത്തിക്കുന്നത്. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ആരോപണവിധേയനായ മുന്‍ ഡി.ജി.പി: വിന്‍സന്‍ എം. പോളിനെതന്നെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് തീരുമാനിച്ചത്. നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വര്‍ഷം ഏപ്രില്‍ വരെ കാലവധിയുണ്ട്. എന്നിട്ടും മുഖ്യ വിവരാവകാശ കമ്മീഷറായി വിന്‍സണ്‍ എം പോളിനെ നിയമിച്ചു. എന്നാല്‍ ഈ സമയമാകുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. അതുകൊണ്ട് തന്നെ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് വിന്‍സണ്‍ എം പോളിന്റെ നിയമനം.
കമ്മീഷണര്‍മാരുടെ ഒഴിവുകളും രാഷ്ട്രീയമായി വീതിച്ചു. വിന്‍സന്‍ എം. പോളിനു പുറമെ അഞ്ചു കമ്മിഷണര്‍മാരെയും തെരഞ്ഞെടുത്തു. ഇവരുടെ പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. അഞ്ചംഗങ്ങളെ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ തംവച്ചെടുത്തു. കമ്മിഷനംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍: അങ്കത്തില്‍ ജയകുമാര്‍ (ജനതാദള്‍), എബി കുര്യാക്കോസ് (ഡി.സി.സി. ജനറല്‍ സെക്രട്ടറി, ആലപ്പുഴ), പി.ആര്‍. ദേവദാസ് (പി.എസ്.സി. മുന്‍ അംഗം), അബ്ദുള്‍ മജീദ് , റോയ്‌സ് ചിറയില്‍ (പബ്ലിക് പ്രോസിക്യൂട്ടര്‍, കോട്ടയം). കമ്മിഷണര്‍മാരായി നിയമിക്കപ്പെടുമെന്നു കരുതിയിരുന്ന പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരെ അവസാനനിമിഷം ഒഴിവാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ എന്നിവരുടെ സമിതിയാണ് തീരുമാനം എടുത്തത്. വിവരാവകാശ കമ്മിഷണര്‍മാരുടെ കസേരകള്‍ വിറ്റെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു. യോഗത്തില്‍, തുടക്കംമുതല്‍തന്നെ നിയമനരീതികളെ വി എസ്. എതിര്‍ത്തിരുന്നു. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടികയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് 269 പേരില്‍നിന്ന് 16 പേരുടെ പട്ടികയുമായാണു മുഖ്യമന്ത്രി എത്തിയത്. സുപ്രധാന ഭരണഘടനാ സ്ഥാപനമായ വിവരാവകാശ കമ്മിഷനില്‍ രാഷ്ട്രീയവീതംവയ്പ് ശരിയല്ലെന്നു കാട്ടി വി എസ്. വിയോജനക്കുറിപ്പ് നല്‍കി. എന്നാല്‍ ഭൂരിപക്ഷ മികവില്‍ ശുപാര്‍ശ വന്നു.
അതിനിടെ മുഖ്യ വിവരാവകാശ കമ്മിഷണറെയും വിവരാവകാശ കമ്മിഷണര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സമിതിയില്‍ വിയോജിപ്പു രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാന്ദന്‍, ശുപാര്‍ശ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു പിന്നീടു ഗവര്‍ണര്‍ പി. സദാശിവത്തിനു കത്ത് നല്‍കി. അപേക്ഷകള്‍ സുതാര്യമായും സത്യസന്ധമായുമല്ല സൂക്ഷ്മപരിശോധന നടത്തിയതെന്നു വിയോജനക്കുറിപ്പില്‍ വി എസ്. കുറ്റപ്പെടുത്തി. ആദ്യത്തെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നാല് ഒഴിവുകളിലേക്കുള്ള നിയമനം നടത്താന്‍ മാത്രമാണു നിര്‍ദ്ദേശിച്ചിരുന്നത്. അതിനു പുറമെയാണു മുഖ്യ വിവരാവകാശ കമ്മിഷണറുടെയും മറ്റൊരു കമ്മിഷണറുടെയും നിയമനത്തിനു കൂടി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും വി എസ്. കുറ്റപ്പെടുത്തി.
വിവരാവകാശ കമ്മിഷണര്‍മാരുടെ നാല് ഒഴിവുകളാണു നിലവില്‍ ഉള്ളത്. പുറമെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസും സസ്‌പെന്‍ഷനില്‍ കഴിയുന്ന കമ്മിഷണര്‍ കെ. നടരാജനും ഏപ്രില്‍ 23നു വിരമിക്കും. ഈ ഒഴിവുകള്‍ കൂടി ചേര്‍ത്ത് ഒരുമിച്ചു നിയമനത്തിനാണ് ഉന്നതതല സമിതി തീരുമാനിച്ചത്. അതുകൊണ്ട് തന്നെ കോടതി ഇടപെടലുകള്‍ നിര്‍ണ്ണായകമാണ്. വിഎസിന്റെ വിയോജനം ഉള്‍പ്പെടെയുള്ളവ നിര്‍ണ്ണായകമാകും., വിവരാവകാശ കമ്മിഷണര്‍മാരുടെ നാല് ഒഴിവുകളിലേക്ക് 210 പേരും വരാന്‍പോകുന്ന മുഖ്യ വിവരാവകാശ കമ്മിഷണറുടെയും ഒരു കമ്മിഷണറുടെയും ഒഴിവുകളിലേക്ക് 59 പേരും അപേക്ഷിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണു വിന്‍സന്‍ എം. പോളിനു സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനം നല്‍കിയതെന്നു വി എസ്. ആരോപിക്കുന്നു. കാലാവധി തീരുന്നതിന് മുമ്പ് തന്നെ സിബി മാത്യൂസിനെ മാറ്റുന്നത് നിയമ ലംഘനവുമാണ്.
ഹെക്കോടതി ഇടപെടലിനെ തുര്‍ന്നാണ് വിവരാവകാശ കമ്മീഷണര്‍മാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ പൊതുവിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാദ്ധ്യമപ്രവര്‍ത്തനം, മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള ഏഴ് മേഖലകളില്‍ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകള്‍. ഇത് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം.