
സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. അടിയന്തരറിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ പി സദാശിവം നിര്‍ദേശം. എല്ലാ വിഭാഗം ജനങ്ങളും സമാധാനം പാലിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ സര്‍ക്കാരിന് ഭാരമാകുന്ന രീതിയില്‍ ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിയും റിപ്പോര്‍ട്ട് നല്‍കി.
ശബരിമലയില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് പ്രത്യേക പോലിസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സംരക്ഷണം നല്‍കുന്നത് മറ്റു ഭക്തരുടെ ആരാധനാ സ്വാതന്ത്രത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനീതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ കയറ്റി ശബരിമലയില്‍ കൊണ്ടുപോയതിനെ ഹൈക്കോടതിയും വിമര്‍ശിച്ചു.
ശബരിമലയില്‍ മകരവിളക്ക് കാലത്ത് തിരക്ക് വര്‍ധിക്കാനിരിക്കുകയാണ്. ഈ സമയത്ത് ചിലര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്നത് തിരക്ക് വര്‍ധിപ്പിക്കുകയും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യും. ആളുകള്‍ കൊക്കയില്‍ വീഴാനും സാധ്യതയുണ്ട്. ഡിസംബര്‍ 24ന് രണ്ട് സ്ത്രീകള്‍ വന്നപ്പോള്‍ 20 കിലോമീറ്റര്‍ ദൂരത്തിലാണ് ക്യൂ ഉണ്ടായത്. ഇത് സാധാരണ ഭക്തരുടെ ആരാധനാ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ്. അതിനാല്‍ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികള്‍ക്കും കോടതി അനുവദിക്കുന്നവര്‍ക്കും മാത്രമേ പാടുള്ളൂയെന്നും റിപ്പോര്‍ട്ട് പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനീതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ കയറ്റി ശബരിമലയില്‍ കൊണ്ടുപോയിയെന്നും ഇത് കോടതി നിര്‍ദേശത്തിനെതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ വാഹനം കടത്തിവിട്ടത് പോലിസിന്റെ ബോധപൂര്‍വ്വമായ നടപടിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. പമ്പയിലേക്ക് സ്വകാര്യ വാഹനം പാടില്ലെന്ന് നേരത്തെ ഉത്തരവുണ്ടായിട്ടും അത് ലംഘിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ടോ, ഡി.ജി.പിയാണോ സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള പോലിസാണോ ഇതിന് ഉത്തരവാദി ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമവാഴ്ച്ച സംരക്ഷിക്കാന്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിങ്കളാഴ്ച്ച വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി