വഞ്ചിയൂര്‍ കോടതിയിലെ പ്രതിഷേധം; ജുഡീഷ്യറിയുടെ മനോവീര്യം നശിപ്പിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതിയും പോലീസും കേസെടുത്തു

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതിയും പോലീസും കേസെടുത്തു. അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയ ആണ് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ ഉള്‍പ്പെടെ പത്ത് അഭിഭാഷകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണിത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകര്‍ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്.മജിസ്‌ട്രേറ്റ് ദീപ മോഹന്‍ തന്നെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സിജെഎമ്മിന് പരാതി നല്‍കിയിരുന്നു. സിജെഎം പരാതി പോലീസിന് കൈമാറുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ബുധനാഴ്ചയാണ് വഞ്ചിയൂര്‍ കോടതിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. വാഹന അപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ അഭിഭാഷകര്‍ രംഗത്തുവരികയായിരുന്നു. മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. തുടര്‍ന്ന് ചേംബര്‍ വിട്ടിറങ്ങിയ മജിസ്‌ട്രേറ്റ് സിജെഎമ്മിന് പരാതി നല്‍കി. ഈ പരാതിയാണ് സിജെഎം പോലീസിന് കൈമാറിയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിയിലുണ്ടായ സംഭവങ്ങള്‍ ജുഡീഷ്യറിയുടെ മനോവീര്യം നശിപ്പിക്കുന്നതാണെന്ന് ജില്ലാ ജഡ്ഡിമാരുടെ സംഘടന ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top