പ്രളയം: ദുരന്ത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം നിര്‍ണയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയ ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം നിര്‍ണയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നഷ്ട പരിഹാരത്തിന് ആരൊക്കെയാണ് അര്‍ഹരെന്ന് ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കി കണ്ടെത്തണം.

പ്രളയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം മുന്നോട്ടുവെച്ചത്. നഷ്ടപരിഹാരം നല്കുന്നത് എന്തിന്റെ അടിസ്ഥാനമാക്കിയാണെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. റവന്യു ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദേശിച്ചാല്‍ അത് വലിയ കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു.

നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം.സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാക്കാര്യങ്ങളും വിലയിരുത്തേണ്ടത്. ആവശ്യമാണെങ്കില്‍ വിദഗ്ധോപദേശം തേടാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Top