ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനാലയിലൂടെ കവര്‍ന്ന മോഷ്ടാവിനെ വീട്ടമ്മ ഓടിച്ചിട്ട് പിടിച്ചു. റാന്നി വടശേരിക്കര സ്വദേശി സോജിയാണ് നഷ്ടമായ മാല വീണ്ടെടുത്തത്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പൊലീസിലേല്‍പ്പിച്ചു. അടിച്ചിപ്പുഴ കൊല്ലംപറമ്പില്‍ ബാലേഷ് കുമാറിനെയാണ്(33) പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്.
തുറന്നുകിടന്ന ജനാലയിലൂടെ നീളമുള്ള കമ്പി ഉപയോഗിച്ചാണ് കട്ടിലില്‍ ഊരിവെച്ചിരുന്ന മാല മോഷ്ടിച്ചത്. കട്ടിലിലിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവെ, ശബ്ദം കേട്ട സോജി ഉണര്‍ന്നു. അതോടെ മോഷ്ടാവ് ഓടി. നാലു പവന്റെ മാല കവര്‍ന്നതായി മനസ്സിലാക്കിയ സോജി മറ്റൊന്നും ആലോചിക്കാതെ സ്‌കൂട്ടറുമായി കള്ളനെ തേടിയിറങ്ങി. 300 മീറ്ററോളം അകലെ വെച്ചിരുന്ന ബൈക്കില്‍ കയറി മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ധൈര്യപൂര്‍വം യുവതിയും പിന്തുടര്‍ന്നു. നാലു കിലോമീറ്ററോളം പിന്തുടര്‍ന്ന് റോഡരികില്‍ വീടുകളുള്ള ഭാഗത്തെത്തിയപ്പോള്‍ മോഷ്ടാവിന്റെ ബൈക്ക് സ്‌കൂട്ടര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി.
ഇയാളുമായി മല്‍പ്പിടിത്തം നടന്നു. രക്ഷിക്കണമെന്ന് ഉറക്കെ കരഞ്ഞുകൊണ്ടാണ് ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. സമീപത്തെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞതോടെ സോജിയെ കടിച്ച് കള്ളന്‍ രക്ഷപ്പെട്ടു. രക്ഷപ്പെടാനായി ഇയാള്‍ സോജിയുടെ ചുരിദാര്‍ വലിച്ചുകീറുകയും മുടി വലിച്ചുപറിക്കുകയുമൊക്കെ ചെയ്തിരുന്നു. ഭര്‍ത്താവും സമീപവാസികളും എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ഫോണും ബൈക്കിന്റെ മാറ്റും നമ്പര്‍പ്ലേറ്റിന്റെ ഭാഗവും ഇവിടെ കിടന്ന് കിട്ടി. മൊബൈല്‍ഫോണ്‍ തേടി ഇയാള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം സമീപവാസികളെ അറിയിച്ചിരുന്നു. അഞ്ചുമണിയോടെ ഈ ഫോണില്‍ മോഷ്ടാവ് വിളിച്ചെങ്കിലും ഇവര്‍ എടുത്തില്ല. റോഡില്‍ നഷ്ടപ്പെട്ടതാവാമെന്ന് കരുതി ഇയാള്‍ തിരഞ്ഞെത്തി.
രാവിലെ നടക്കാനിറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കര്‍ ഇയാളെ കണ്ടു. മാല കവര്‍ന്ന വിവരം അറിഞ്ഞിരുന്ന അജി ഇയാളെ ചോദ്യംചെയ്യുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മാല ഇയാളുടെ ബൈക്കില്‍ നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. നാലു പവന്റെ മാല കവര്‍ന്നവനെ പിടികൂടുകയെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു ധൈര്യം നല്‍കിയതെന്ന് സോജി പറഞ്ഞു. ഒറ്റയ്ക്ക് പോകരുതെന്ന് വീട്ടില്‍നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അതൊന്നും കേള്‍ക്കാതെ പിന്തുടരുകയായിരുന്നു. ഇവിടെ താമസമാക്കിയിട്ട് രണ്ടു മാസമായതേയുള്ളൂ. മുമ്പ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശിയെ സോജി പിന്തുടര്‍ന്ന് പിടികൂടിയിട്ടുണ്ട്.