ഉപദേശികള്‍ എത്രയുണ്ടായിട്ടും പിണറായി വിജയന് അടിതെറ്റുന്നു; സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ നാണം കെട്ടത് ധാര്‍ഷ്ട്യവും പിടിവാശിയും മൂലം

ന്യൂഡല്‍ഹി: ഉപദേശികള്‍ എത്രയുണ്ടായാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരോ ദിവസവും തിരിച്ചടികള്‍ ചോദിച്ചുവാങ്ങുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. സുപ്രീം കോടതി വ്യക്തമായ ഉത്തരവുണ്ടായിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാകാതെ വളഞ്ഞ വഴിയിലൂടെയായാലും സെന്‍കുമാര്‍ കേസില്‍ വിധി നടപ്പാക്കില്ലെന്ന സര്‍ക്കാരിന്റെ പിടിവാശിയാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കുന്നതിലേയ്ക്ക് എത്തിയത്.

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന കോടതി ഉത്തരവില്‍ വ്യക്തത വരുത്താനും ഭേദഗതി വരുത്താനും തയ്യാറാവണം എന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടേ രണ്ട് വാക്കിലാണ് വ്യക്തത ചോദിച്ച് തൊടുന്യായവുമായി കോടതിയിലേക്ക് വീണ്ടും പോയത്.
എന്നാല്‍ ഇക്കാര്യത്തില്‍ 12 ദിവസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരിന് കടുത്ത ശകാരമാണ് കോടതിയില്‍ നിന്ന് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളുകയും 25,000 രൂപ പിഴയിടുകയും ചെയ്ത കോടതി ഇതോടൊപ്പം ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കുമോ എന്ന് നോക്കാം അല്ലെങ്കില്‍ എന്ത് വേണമെന്ന് തങ്ങള്‍ക്കറിയാം എന്ന കടുത്ത പരമാര്‍ശം സുപ്രീം കോടതി നടത്തിയത് സെന്‍കുമാറിന് നിയമനം ലഭിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാവും എന്നതിന്റെ സൂചനയാണ്. ഒപ്പം ഒരു വ്യക്തതക്കുറവും വിധിയിലില്ല എന്ന് ഓര്‍മ്മിപ്പിക്കാനും കോടതി മടിച്ചില്ല.

വരുന്ന ചൊവ്വാഴ്ച്ചയാണ് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ഇതിന് മുന്‍പായി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇതിലും വലിയ അടിയാവും അന്ന് സുപ്രീംകോടതിയില്‍ നിന്ന് കിട്ടുക.

ഇന്ന് കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ടിപി സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയുടെ ഉത്തരവ് വന്ന് 12 ദിവസമായിട്ടും ഡിജിപിയായി സെന്‍കുമാറിന് നിയമനം ലഭിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. സെന്‍കുമാറിന് നിയമനം നല്‍കാതെ ഇത്തരമൊരു ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ഘട്ടത്തില്‍ വാദത്തില്‍ ഇടപെട്ട കോടതി എന്താണ് ഇതിന് മറുപടി പറയാനുള്ളതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയോട് ചോദിച്ചു. സുപ്രീം കോടതിയുടെ വിധിയില്‍ നിരവധി ആശയക്കുഴപ്പങ്ങളുണ്ടെന്നും വിധിയില്‍ വ്യക്തത വരുത്താനുണ്ടെന്നും സിദ്ധാര്‍ഥ് ലൂത്ര കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും അസ്ഥാനത്താണെന്ന് പറഞ്ഞ കോടതി, ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ഇതൊന്നും ഒരു കാരണമല്ലെന്ന് തുറന്നടിച്ചു.

നിങ്ങള്‍ എന്താണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് ചോദിച്ച കോടതി, ഈ ഹര്‍ജി തങ്ങള്‍ പരിഗണിക്കില്ലെന്നും തുറന്ന് പറഞ്ഞു. ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചത് തന്നെ തെറ്റായിപ്പോയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഒരു ന്യായീകരണവും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് കോടതിച്ചെലവിലേക്കായി 25,000 രൂപ അടയ്ക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
വിധി നടപ്പാക്കാത്ത ചീഫ് സെക്രട്ടറി കോടതിയലക്ഷ്യമാണ് ചെയ്‌തെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയെ കോടതിയില്‍ വിളിച്ചു വരുത്തണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അതിപ്പോള്‍ വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാന പോലീസിന്റെ ചുമതലയുള്ള ഡിജിപിയായാണ് സെന്‍കുമാറിനെ നിയമിച്ചതെന്നും അല്ലാതെ പോലീസ് സേനയുടെ മേധാവിയായിട്ടല്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന കാര്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌നാഥ് ബെഹ്‌റ കോടതിയെ സമീപിച്ചാല്‍ അത് മറ്റൊരു നിയമപ്രശ്‌നമാക്കും എന്നും സര്‍ക്കാര്‍ ആശങ്കയറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ ചട്ടപ്രകാരമല്ല നിയമിച്ചതെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സുപ്രീം കോടതി സര്‍ക്കാരിന് പിഴയിട്ടതും ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനുള്ള ഹര്‍ജി സ്വീകരിച്ചതും. സുപ്രീംകോടതി വിധി നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയെ കോടതിയില്‍ വിളിച്ചു വരുത്തണമെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അതിപ്പോള്‍ വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

Top