ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തി അത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലാണ് സംഭവം. തപന്‍ ദാസെന്നയാളാണ് കൊലചെയ്യപ്പെട്ടത്. ഭാര്യ ശ്വേതാ ദാസിന് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് തപന്‍ദാസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്തതോടെ കലഹമായി. സംഭവത്തിന്റെ പേരില്‍ വഴക്ക് സ്ഥിരമായതോടെ ശ്വേതയും കാമുകന്‍ സുമിത് സിംഗും ചേര്‍ന്ന് തപന്‍ ദാസിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ജനുവരി 12 ന് മദ്യപിച്ചെത്തിയ തപന്‍ ദാസിനെ ഭാര്യയും കാമുകനും സുഹൃത്തായ സോനു ലാലും ചേര്‍ന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിറ്റേന്ന് മൃതദേഹം ഫ്രിഡ്ജ് ഉള്‍പ്പെടെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ബാരബാങ്കിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ശ്വേത സുമിത്തിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ജനുവരി 12 ന് ശ്വേത സുമിതിനെയും സോനു ലാലിനെയും വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
സംഭവ ദിവസം വൈകിട്ട് ശ്വേതയുടെ ഫ്‌ലാറ്റിലേയ്ക്ക് സുമിതും സഹൃത്തും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും ശ്വേത ശ്രമിച്ചു. തപന്‍ ജനുവരി 12 ന് ഒരു ലക്ഷം രൂപയെടുത്ത് പുറത്തേക്കു പോയെന്നും ശേവത കഥകള്‍ മെനഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് തപനെ ‘കാണ്‍മാനില്ലെന്ന് കാണിച്ച് ശ്വേത നല്‍കിയ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുമാണ് ശ്വേതയെ കുടുക്കിയത്.