ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് മുങ്ങിയ സംഭവം; കൊന്നത് തിയേറ്ററില്‍ ആരെയോ കണ്ട് ചിരിച്ചതിന്, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, പിന്നെ കഴുത്തറുത്തു

തിരുവനന്തപുരം: മണക്കാട് മുക്കോലയ്ക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് തമിഴ്‌നാട്ടിലേക്ക് പോയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ഇന്നലെ പോലീസ് പിടിയിലായ ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വരികയാണ്. സിനിമാ തിയേറ്ററില്‍ ഭാര്യ ആരെയോ കണ്ട് ചിരിച്ചുവെന്ന സംശയമാണ് മണക്കാട് മുക്കോലയ്ക്കലില്‍ ഭര്‍ത്താവിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ്. മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നമ്പര്‍22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ ഭര്‍ത്താവ് മാരിയപ്പനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയ മാരിയപ്പനെ തിരുനെല്‍വേലിക്ക് സമീപത്തുനിന്നാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. സ്വാമി 2 എന്ന സിനിമയ്ക്ക് പോയി ഇരുവരും വീട്ടില്‍ മടങ്ങിവന്നയുടനായിരുന്നു ക്രൂരമായ കൊലപാതകം. തിയേറ്ററില്‍ വച്ച് കന്നിയമ്മാള്‍ ഏതോ പുരുഷന്‍മാരെ കണ്ട് ചിരിച്ചതായും പരസ്പരം നോക്കിയതായും ആരോപിച്ച് ഇരുവരും തമ്മില്‍ സംസാരമുണ്ടായി. സിനിമയിലും സമാന സ്വഭാവത്തിലുള്ള സീനും കൊലപാതകവും കാണാനിടയായ മാരിയപ്പന് ഭാര്യയോട് കൂടുതല്‍ ദേഷ്യം തോന്നുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ ഭാര്യയുമായി ഇതേച്ചൊല്ലി കലഹിച്ച മാരിയപ്പന്‍ വീട്ടിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് കന്നിയമ്മാളിനെ തലയ്ക്കടിച്ച് വീഴ്ത്തി. അബോധാവസ്ഥയിലായി നിലത്തുവീണ കന്നിയമ്മാളിന്റെ കഴുത്തറുത്തു.

രക്തം ചീറ്രിയൊഴുകിയതും ഭാര്യ മരണ വെപ്രാളത്തില്‍ പിടയ്ക്കുന്നതുമൊന്നും കൂസാതെ കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും കത്തിയും കഴുകി വീട്ടിലെ മേശയില്‍ സൂക്ഷിച്ചു. രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റി കൈകാലുകളും മുഖവും കഴുകി പുറത്തിറങ്ങി. സ്‌കൂട്ടറില്‍ സംഭവസ്ഥലത്തുനിന്ന് മുങ്ങി. പോകുംവഴി പേരൂര്‍ക്കടയ്ക്ക് സമീപം മൊബൈല്‍ഫോണ്‍ എവിടേക്കോ വലിച്ചെറിഞ്ഞു. ഇത് പിന്നീട് ഒരു ആട്ടോ ഡ്രൈവര്‍ക്ക് കിട്ടി. കൊലപാതകകേസില്‍ പൊലീസ് അന്വേഷിക്കുന്ന ആളുടെതാണെന്ന് മനസിലാക്കി ഓട്ടോ ഡ്രൈവര്‍ ഇത് പൊലീസിന് കൈമാറി. സ്‌കൂട്ടര്‍ വഴിയിലുപേക്ഷിച്ച് അതുവഴി വന്ന ബൈക്കില്‍ ലിഫ്ട് ചോദിച്ച് പാലോടും അവിടെ നിന്ന് ലോറിയില്‍ ചെങ്കോട്ടയിലും തെങ്കാശിവഴി ബസില്‍ തിരുനെല്‍വേലിയിലുമെത്തി. കൈയിലുണ്ടായിരുന്ന പണം തീര്‍ന്ന് അവിടെ ചുറ്റിത്തിരിയുന്നതിനിടെ ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചു. ഉടുമുണ്ടില്‍ തൂങ്ങി മരിക്കാമെന്ന് കരുതിയെങ്കിലും നടന്നില്ല. സംശയകരമായ സാഹചര്യത്തില്‍ കറങ്ങിനടന്ന മാരിയപ്പനെ തിരുനെല്‍വേലി പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഫോര്‍ട്ട് പൊലീസ് അന്വേഷിച്ചുവരുന്ന കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസെത്തി ഇയാളെ കൂട്ടിക്കൊണ്ടുവന്നത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുംശേഷം കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം നടന്ന വീട്ടിലും സ്‌കൂട്ടര്‍ ഉപേക്ഷിച്ച സ്ഥലത്തും ഒളിവില്‍ കഴിഞ്ഞ പ്രദേശങ്ങളിലും മാരിയപ്പനെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ സി.ഐ അജിചന്ദ്രനും സംഘവുമാണ് അന്വേഷണം നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top