പോലീസിൻ്റെ രഹസ്യ വിവരങ്ങൾ ഇനി സിപിഎമ്മിന് സ്വന്തം…!! കേരള പോലീസിൻ്റെ ഡേറ്റാബേസ് സിപിഎം നിയന്ത്രിക്കുന്ന സ്വകാര്യ ഏജൻസിക്ക് നൽകാൻ നീക്കം

തിരുവനന്തപുരം: പോലീസിൻ്റെ അതീവ സുരക്ഷ വേണ്ട ഡേറ്റാബേസ് സിപിഎം നിയന്ത്രിക്കുന്ന സ്വകാര്യ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിന് കൈമാറാൻ നീക്കം. സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ ചോരാന്‍ ഇടയാക്കുന്ന കാര്യമാണെന്നും ഇതിന് പിന്നില്‍ ഒരുപാട് കള്ളക്കളി നടക്കുന്നതായും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തിൽ ഗുരുതരസുരക്ഷാ വീഴ്ച ആരോപിച്ച് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി.  സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ സിപിഎമ്മിന്റെ സഹോദര സ്ഥാപനത്തിന് വിവരങ്ങള്‍ കൈമാറുകയാണെന്നും ഇതിന് പിന്നില്‍ ഒരുപാട് കള്ളക്കളികള്‍ നടക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പോലെയുള്ള കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ പോലീസ് വികസിപ്പിച്ച ആപ്പ് തന്നെ മികച്ചതാണെന്ന വിലയിരുത്തലുകള്‍ ഉള്ളപ്പോള്‍ തന്നെയാണ് ടെന്‍ഡര്‍ പോലും വിളിക്കാതെ ഊരാളുങ്കലിന് കരാര്‍ നല്‍കിയതെന്നും ആരോപിച്ചു.

ഊരാളുങ്കലിന് വിവരം കൈമാറുന്നതിനെതിരേ യുവ ഐപിഎസുകാര്‍ രംഗത്ത് വന്നതാണെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അതേസമയം ഊരാളുങ്കല്‍ തങ്ങളുടെ കൈക്കുഞ്ഞല്ലെന്നും നല്ല സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡേറ്റാ സുരക്ഷ ഉറപ്പാക്കുമെന്നും സൈബര്‍ ഓഡിറ്റിന് ശേഷമേ ഡേറ്റാബേസ് കൈമാറൂ എന്നും സുരക്ഷാ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഡേറ്റാബേസിലേക്കുള്ള കടന്നുകയറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും ഇക്കാര്യം നേരത്തേ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലില്ലെന്നും പ്രതിപക്ഷം പറഞ്ഞു. പ്രിതപക്ഷം ഇത് സമ്മതിച്ചില്ല. ഡേറ്റാ കൈമാറ്റം അഴിമതിയാണെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. പോലീസിന്റെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുഗമവും എളുപ്പവുമാക്കാനായി ഊരാളുങ്കല്‍ വികസിപ്പിച്ചെടുത്ത ആപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ആപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് ടെന്‍ഡര്‍ പോലും വിളിക്കാതെ നല്‍കിയതായിരുന്നു ആദ്യം വിവാദമായത്. പിന്നാലെയാണ് ഡേറ്റാബേസ് തുറന്നു കൊടുത്തത് വിവാദമായി മാറിയിരിക്കുന്നതും. കഴിഞ്ഞ ദിവസം കേന്ദ്രഫണ്ടില്‍ നിന്നും ഊരാളുങ്കലിന് 35 ലക്ഷം അനുവദിക്കാന്‍ ഡിജിപി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഉത്തരവും പുറത്തുവന്നിരുന്നു.

Top