അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി, കരഞ്ഞപ്പോള്‍ മറുപടി ക്ഷമിക്കാന്‍; പോലീസിനെതിരെ സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുര

പോലീസിനെതിരെ പരാതിയുമായി സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നല്‍കിയ പരാതി പോലീസ് അവഗണിച്ചുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും മാധ്യമങ്ങളില്‍ പ്രതികരിച്ചതിനും സിസ്റ്റര്‍ക്കെതിരെ സഭ നടപടി സ്വീകരിച്ചിരുന്നു.

മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി വിതുമ്പി കരഞ്ഞപ്പോള്‍ ക്ഷമിക്കാന്‍ ആയിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. അപകീര്‍ത്തിപ്പെടുത്തുന്നത് സഭയ്ക്കുള്ളില്‍ നിന്ന് തന്നെയാണോ എന്ന് സംശയിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. പോലീസിന് പരാതി നല്‍കിയതിനു ശേഷവും അപകീര്‍ത്തി തുടര്‍ന്നുകൊണ്ടേയിരുന്നു എന്നും നീതി നടപ്പിലാക്കി തരാന്‍ പൊലീസ് തയ്യാറാകണമെന്നും സിസ്റ്റര്‍ ലൂസി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനന്തവാടി രൂപതയില്‍പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസറ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് ലൂസി. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ പോകുകയും ചെയ്തിരുന്നു. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും എഴുത്തുകാരിയുമാണ്. സമരപ്പന്തലില്‍നിന്ന് ഞായറാഴ്ച രാവിലെ മഠത്തിലെത്തിയ സിസ്റ്ററോട് മദര്‍ സുപ്പീരിയര്‍ ലിസിയാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയത് അറിയിച്ചത്.

സണ്‍ഡേ സ്‌കൂള്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, കെ.സി.വൈ.എം, മിഷന്‍ ലീഗ് പോലുള്ള സംഘടനകളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇടവക വികാരി നിര്‍ദേശിച്ചതായി മദര്‍ സുപ്പീരിയര്‍ വാക്കാല്‍ അറിയിക്കുകയായിരുന്നു. പുറത്താക്കലിന്റെ ആദ്യ നടപടിയാണെന്നും താനിതില്‍ ഭയക്കുന്നില്ലെന്നും കര്‍ത്താവിനു വേണ്ടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുപ്രാചരണങ്ങള്‍ക്കെതിരെ പനമരം പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി.

അതേസമയം, സിസ്റ്റര്‍ക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ഇടവകയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ സിസ്റ്ററുടെ കീഴില്‍ കുട്ടികളെ വേദപാഠം ഉള്‍പ്പെടെ പഠിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് വികാരിയച്ചന്‍ മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്റര്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് രൂപത വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

Top